എപ്പിഗാമിയ സഹസ്ഥാപകന്‍ രോഹന്‍ മിര്‍ചന്ദാനി ഹൃദയാഘാതം മൂലം മരിച്ചു; അന്ത്യം 41-ാം വയസില്‍

ഡൽഹി: പ്രമുഖ ലഘുഭക്ഷണ ബ്രാന്‍ഡായ എപ്പിഗാമിയ സഹസ്ഥാപകനായ രോഹന്‍ മിര്‍ചന്ദാനി അന്തരിച്ചു.

41-ാം വയസില്‍ ഹൃദയാഘാതം മൂലമാണ് മരണം.
എപ്പിഗാമിയ യോഗര്‍ട്ട് ബ്രാന്‍ഡിന്റെ സ്ഥാപകരിലൊരാളായിരുന്നു റോഹന്‍.

കേരളത്തിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലടക്കം പ്രചാരമുള്ള ബ്രാൻഡാണ് എപ്പിഗാമിയ യോഗര്‍ട്ട്. തനതായ രുചിയും, മികച്ച ഗുണനിലവാരവും എപ്പിഗാമിയെ ജനപ്രിയ ബ്രാൻഡാക്കി.

ഫ്രഞ്ച് ഡയറി കമ്പനിയായ ഡാനോണും ബോളിവുഡ് നടി ദീപിക പദുക്കോണും ഈ കമ്പനിയില്‍ നിക്ഷേപകരാണ്.
1982-ല്‍ അമേരിക്കയിലാണ് റോഹന്‍ മിര്‍ചന്ദാനിയുടെ ജനനം. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി സ്റ്റേണ്‍ സ്‌കൂള്‍ ഓഫ് ബിസിനസ്സിലും ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ്സ് സ്‌കൂളുകളിലൊന്നായ പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയിലെ വാര്‍ട്ടണ്‍ സ്‌കൂളിലുമായിരുന്നു ബിരുദപഠനമെങ്കിലും രോഹൻ ഇന്ത്യയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു.

രോഹന്‍ തന്റെ സംരംഭകത്വ യാത്ര ആരംക്കുന്നത് ഡ്രംസ് ഫുഡ് ഇന്റര്‍നാഷണലിന്റെ സഹസ്ഥാപകനായാണ്. 2013-ല്‍ ഗണേഷ് കൃഷ്ണമൂര്‍ത്തി, രാഹുല്‍ ജെയിന്‍ , ഉദയ് താക്കര്‍ എന്നിവരുമായി ചേർന്നാണ് റോഹന്‍ മിര്‍ചന്ദാനി ഡ്രംസ് ഫുഡ് ഇന്റര്‍നാഷണല്‍ ആരംഭിക്കുന്നത്.