ലാൻഡിങ്ങിന് തൊട്ടുപിന്നാലെ വിമാനത്തിൽനിന്ന് ചാടി യാത്രക്കാരൻ; സംഭവം ചെന്നൈ വിമാനത്താവളത്തിൽ

ചെന്നൈ വിമാനത്താവളത്തിൽ പരിഭ്രാന്തി സൃഷ്ടിച്ച് യാത്രക്കാരൻ. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ എമർജൻസി എക്സിറ്റ് തുറന്ന് യാത്രക്കാരൻ പുറത്തേക്ക് ചാടി. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിൻ്റെ പ്രധാന റൺവേ താൽക്കാലികമായി അടച്ചതിനാൽ ഒന്നിലധികം വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. പുതുക്കോട്ട സ്വദേശിയായ 34കാരനാണ് വിമാനത്തിൽ നിന്ന് ചാടിയതെന്നാണ് റിപ്പോർട്ട്. ഇയാളെ കസ്റ്റഡിയിലെടുത്ത പോലീസ് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ സുരക്ഷാ സേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ 3:23ഓടെയാണ് സംഭവം.

ഷാർജയിൽനിന്നുള്ള എയർ അറേബ്യ ജി9-471 വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരനാണ് ലാൻഡിങ്ങിന് തൊട്ടുപിന്നാലെ എമർജൻസി എക്സിറ്റ് തുറന്ന് ടാക്സിവേ അഞ്ചിലേക്ക് ചാടിയത്. 231 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഉടൻതന്നെ പൈലറ്റ് വിമാനം നിർത്തിയ ശേഷം വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. വിമാന ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് സിഐഎസ്എഫ് അടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്തിന് അടുത്തേക്ക് പാഞ്ഞെത്തി. തുടർന്ന് യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറി.