‘ആനയില്ലെങ്കില്‍ ആചാരം മുടങ്ങുമോ..? 15 ആനകളെ എഴുന്നള്ളിക്കണമെന്ന നിർബന്ധം ഏത് ആചാരത്തിന്റെ പേരിൽ? നിശ്ചിത അകലപരിധി ഗൈഡ് ലൈന്‍ ആളുകളുടെ സുരക്ഷ കൂടി പരിഗണിച്ച്‌’: ഹൈക്കോടതി

കൊച്ചി: ആന ഇല്ലെങ്കില്‍ ആചാരം മുടങ്ങുമോയെന്ന് ഹൈക്കോടതി.

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേ ആയിരുന്നു ഹൈക്കോടതിയുടെ ചോദ്യം. 15 ആനകളെ എഴുന്നള്ളിക്കണമെന്ന നിർബന്ധം ഏത് ആചാരത്തിന്റെ പേരിലെന്നും ഹൈക്കോടതി ചോദിച്ചു.

നിശ്ചിത അകല പരിധി ഗൈഡ് ലൈൻ പുറപ്പെടുവിച്ചത് ആളുകളുടെ സുരക്ഷ കൂടി പരിഗണിച്ചാണെന്നും കോടതി ചൂണ്ടിക്കാട്ടി. ആനകള്‍ തമ്മില്‍ മൂന്നു മീറ്റർ അകലം വേണമെന്നാണ് വ്യവസ്ഥ.

ആനകള്‍ പരസ്പരം സ്പർശിച്ച്‌ നില്‍ക്കുന്നത് അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ചങ്ങലക്കിട്ട ആനകളെ കണ്ടാണോ ആളുകള്‍ ആസ്വദിക്കുന്നതെന്നും കോടതി ചോദിച്ചു.

ആന എഴുന്നള്ളിപ്പില്‍ പൂര്‍ണത്രയീശ ക്ഷേത്രം നല്‍കിയ ഹര്‍ജി നാളെ പരിഗണിക്കാന്‍ മാറ്റി. അതേ സമയം, മാര്‍ഗ നിര്‍ദേശങ്ങളില്‍ മാറ്റം വേണമെന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ ഹര്‍ജി തള്ളി.