വീട്ടിലെത്തി വോട്ടിംഗ് എങ്ങനെ; നാല് ജില്ലകളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി

തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള പോസ്റ്റല്‍ ബാലറ്റ് വോട്ടിംഗ് കുറ്റമറ്റ രീതിയില്‍ നടത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ നിര്‍ദേശിച്ചു.

കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കണ്ണൂര്‍ പുതിയതെരുവില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു വിധ പരാതിക്കും ഇടയില്ലാത്ത വിധം ഇതിന് ആവശ്യമായ ഒരുക്കങ്ങള്‍ നടത്തണം. പോസ്റ്റല്‍ ബാലറ്റിനു അപേക്ഷിച്ച അര്‍ഹതപ്പെട്ട എല്ലാവരെയും വിവരം അറിയിക്കണം.

വോട്ട് ചെയ്യിക്കാന്‍ ടീം വീട്ടില്‍ എത്തുന്ന സമയം മുന്‍കൂട്ടി അവരെ അറിയിക്കണം. പോസ്റ്റല്‍ ബാലറ്റ് വോട്ടിംഗ് സംബന്ധിച്ച കണക്കുകളും കൃത്യമാണെന്ന് ഉറപ്പാക്കണം. വോട്ട് ചെയ്യാനെത്തുന്ന വോട്ടര്‍ക്കു പോളിംഗ് ബൂത്തില്‍ അവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുകയും ഇക്കാര്യം പരമാവധി ജനങ്ങളില്‍ എത്തിക്കുകയും വേണം.