കല്‍പറ്റ: വയനാട്ടില്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ വിജയം ആഘോഷിക്കുന്നതിനിടെ വർഗീയ പരാമർശവുമായി സിപിഎം പ്രവർത്തകർ.
തിരുനെല്ലിയില്‍ നടന്ന വിജയാഹ്ലാദ പ്രകടനത്തിനിടെയായിരുന്നു സംഭവം. മുക്കാല്‍മുറിയൻ എന്ന് വിളിച്ചായിരുന്നു ലീഗ് പ്രവർത്തകർക്കെതിരെ സിപിഎം പ്രവർത്തകരുടെ അധിക്ഷേപ- വർഗീയ പരാമർശം.
ലീഗുകാരെ നമ്പണ്ടാ, അവസരവാദിയെ നമ്പണ്ടാ, മുക്കാല്‍മുറിയനെ നമ്പണ്ടാ എന്നായിരുന്നു മുദ്രാവാക്യത്തിലെ പരാമർശങ്ങള്‍.
തിരുനെല്ലി നരിക്കല്‍ അഞ്ചാം വാർഡിലെ പ്രവർത്തകരാണ് മുസ്‌ലിം ലീഗ് പ്രവർത്തകർക്കെതിരെ വർഗീയപരാമർശം നടത്തിയത്.
മുദ്രാവാക്യം വിളിച്ച് റോഡില്‍ നിന്ന് സിപിഎം പ്രവർത്തകർ നൃത്തം ചെയ്യുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
പ്രതിപക്ഷം പോലുമില്ലാതെ സിപിഎം ഒറ്റയ്ക്ക് ഭരിച്ചിരുന്ന പഞ്ചായത്താണ് തിരുനെല്ലി. എന്നാല്‍, 17 സീറ്റുള്ള പഞ്ചായത്തില്‍ ഇത്തവണ മൂന്ന് വാർഡുകള്‍ അവർക്ക് നഷ്ടമായിരുന്നു.
