കേച്ചേരി: ഡി.വൈ.എഫ്.ഐ നേതാവിനെ പാർട്ടി ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
തൃശൂർ കേച്ചേരി ലോക്കല്‍ കമ്മിറ്റി ഓഫീസിലാണ് സംഭവം.
ഡി.വൈ.എഫ്.ഐ കേച്ചേരി മേഖല പ്രസിഡന്റ് മണലി മൂളിപ്പറമ്പില്‍ വീട്ടില്‍ പരേതനായ ഭരതന്റെ മകൻ സുജിത്ത് (28) ആണ് മരിച്ചത്.
സുഹൃത്തിനോട് പാർട്ടി ഓഫീസിലെത്താൻ സുജിത്ത് വാട്സാപ്പ് സന്ദേശം നല്‍കിയിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ഇത്. സുഹൃത്തുക്കള്‍ എത്തിയപ്പോഴേക്കും ഓഫീസില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ സുജിത്തിനെ കാണുകയായിരുന്നു.
ഓഫീസില്‍ ആരുമില്ലാത്ത സമയത്ത് കൈയില്‍ കയറുമായി സുജിത്ത് ബൈക്കില്‍ ഇവിടെയെത്തിയെന്നാണ് സൂചന. സുജിത്തിനെ ഉടൻ കേച്ചേരി ആക്ട്സ് ആംബുലൻസില്‍ മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. കുന്നംകുളം പൊലീസ് പാർട്ടി ഓഫീസിലെത്തി നടത്തിയ പരിശോധനയില്‍ സാമ്പത്തിക ബാദ്ധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. സുജാതയാണ് സുജിത്തിന്റെ മാതാവ്. ആതിരയാണ് ഭാര്യ. സഹോദരി സുരഭി.
