ഇടുക്കി: ഡ്രാഗൺ ഫ്രൂട്ടിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഡ്രാഗൺ ഫ്രൂട്ട് പതിവായി കഴിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. പ്രീബയോട്ടിക് ആയി പ്രവർത്തിക്കുന്ന കാർബോഹൈഡ്രേറ്റായ ഒലിഗോസാക്കറൈഡുകളുടെ മികച്ച ഉറവിടമാണ് ഡ്രാഗൺ ഫ്രൂട്ട്. ഈ സംയുക്തങ്ങൾ ഗുണം ചെയ്യുന്ന കുടൽ ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഡ്രാഗൺ ഫ്രൂട്ടിലെ ഉയർന്ന നാരുകൾ ദഹനാരോഗ്യത്തെ പിന്തുണയ്ക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും ചില അർബുദങ്ങൾക്കും സാധ്യത കുറയ്ക്കുകയും ചെയ്യും. ഡ്രാഗൺ ഫ്രൂട്ടിലെ ഉയർന്ന അളവിലുള്ള വിറ്റാമിൻ സി രോഗപ്രതിരോധ ശേഷിയെ ഗണ്യമായി വർദ്ധിപ്പിക്കുന്നു. പതിവായി കഴിക്കുന്നത് അണുബാധകൾക്കും രോഗങ്ങൾക്കും എതിരെ ശരീരത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്താൻ സഹായിക്കും.
ഡ്രാഗൺ ഫ്രൂട്ടിന്റെ ഏറ്റവും മികച്ച ഗുണങ്ങളിലൊന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള കഴിവാണ്. ഈ പഴത്തിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നതിലും വർദ്ധനവ് തടയുന്നതിലും നിർണായക പങ്ക് വഹിക്കുന്നു. ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് മുടിയുടെ ഘടന മെച്ചപ്പെടുത്തുകയും ചെയ്യും. മുടികൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കുന്നു.
ഡ്രാഗൺ ഫ്രൂട്ടിന്റെ ചുവന്ന നിറത്തിലുള്ള പൾപ്പിൽ ബീറ്റാലെയ്‌നുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദോഷകരമായ എൽഡിഎൽ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, ഒമേഗ-3, ഒമേഗ-9 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ് ഡ്രാഗൺ ഫ്രൂട്ട്. ഡ്രാഗൺ ഫ്രൂട്ട് ഉൾപ്പെടുത്തുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു.
ശക്തമായതും ആരോഗ്യകരവുമായ അസ്ഥികൾ നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന മഗ്നീഷ്യത്തിന്റെ ഉറവിടമാണ് ഡ്രാഗൺ ഫ്രൂട്ട്. സന്ധി വേദനയും പരിക്കുകളും തടയാൻ മഗ്നീഷ്യം സഹായിക്കുന്നു. ദിവസവും ഒരു ഗ്ലാസ് ഡ്രാഗൺ ഫ്രൂട്ട് സ്മൂത്തി കഴിക്കുന്നത് അസ്ഥി ആരോഗ്യത്തിന് സഹായിക്കുന്നു.
ഡ്രാഗൺ ഫ്രൂട്ടിൽ കാണപ്പെടുന്ന ബീറ്റാ കരോട്ടിൻ കണ്ണുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. കണ്ണിന്റെ രണ്ട് ഗുരുതരമായ അവസ്ഥകളായ മാക്യുലർ ഡീജനറേഷൻ, തിമിരം എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ ഇത് സഹായിക്കുന്നു.
