ഒരു തേങ്ങയും ഒരു രൂപയും നൽകി വിവാഹിതനായി; സ്ത്രീധനം വേണ്ട, പകരം വധുവിന് കിട്ടുന്ന ശമ്പളം വധുവിന്റെ മാതാപിതാക്കൾക്ക് നൽകണം, സ്ത്രീധനം എന്ന ദുരാചാരത്തിനുള്ള മറുപടിയായി വ്യത്യസ്തമായ വിവാഹം

സികാർ: സ്ത്രീധനം ഇന്നത്തെ കാലത്ത് വാങ്ങാൻ പാടില്ലെന്നാണ് നിയമമെങ്കിലും പല പെൺക്കുട്ടികളുടേയും ജീവിതം പെരുവഴിയിലാകുന്നത് സ്ത്രാധനത്തിന്റെ പേരിലാണ്. എത്ര മരണങ്ങളും കൊലപാതകങ്ങളും കണ്ടു.

എന്നിട്ടും സ്ത്രീധനം പാടെ വേണ്ടാന്നുവെക്കാൻ സാധിക്കാത്തവരാണ് പലരും. കിടപ്പാടം വിറ്റാണെങ്കിലും സ്ത്രീധനം കിട്ടിയാലെ പെണ്ണിനെ കെട്ടുവെന്നതാണ് ചെറുക്കന്റെയും വീട്ടിക്കാരുടേയും പോളിസി.

എന്തൊക്കെയായാലും നാടോടുമ്പോൾ നടുവെ ഓടണം എന്നു പറയുന്ന പറയുന്നപോലെ സാധാരണക്കാർ ലോണെടുത്തും വീടുവിറ്റും സ്ത്രീധനം സ്വർണമായി മക്കൾക്ക് കൊടുത്തിരിക്കും. എന്നാൽ, വ്യത്യസ്തമായ വാർത്തായാണ് ഇപ്പോൾ പുറത്തുവരുന്നത്.

രാജസ്ഥാനിലെ സികാർ ജില്ലയിലെ ദന്ത രാംഗഡിൽ നിന്നുള്ള ജയ് നാരായൺ ജാഖർ എന്ന വരൻ, തനിക്ക് സ്ത്രീധനം വേണ്ടെന്നും പകരം വധുവിന് ജോലി ലഭിച്ച ശേഷം ലഭിക്കുന്ന ശമ്പളം വധുവിന്‍റെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്.

വരൻ ജയ് നാരായൺ ജാഖർ പബ്ലിക് വെൽഫെയർ ഡിപ്പാർട്ട്മെന്‍റിൽ ജൂനിയർ എഞ്ചിനീയറായി (ജെഇ) ജോലി ചെയ്യുകയാണ്. വധു അനിത വർമ്മ ബിരുദാനന്തര ബിരുദധാരിയാണ്.

ഇന്നത്തെ കാലത്ത് വിദ്യാഭ്യാസം നേടുന്നത് സമ്പത്തിനേക്കാള്‍ ഒട്ടും കുറവല്ലെന്ന് അഭിപ്രായപ്പെട്ട ജയ്, അനിതയുടെ മാതാപിതാക്കള്‍ അവളെ ബിരുദാനന്തര ബിരുദം നേടാൻ സഹായിച്ചെന്നും ചൂണ്ടിക്കാട്ടി.

ഒപ്പം ഇരുവരുടെയും വിവാഹ ചടങ്ങുകളും വ്യത്യസ്തമായിരുന്നു. ഒരു തേങ്ങയും ഒരു രൂപയും അനിതയ്ക്ക് നല്‍കിയാണ് ജയ് വിവാഹിതനായത്, ജയ്‍യുടെ കുടുംബമാണ് സ്ത്രീധനം വേണ്ടെന്ന നിര്‍ദ്ദേശം ആദ്യം മുന്നോട്ട് വച്ചതെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

‘എന്‍റെ മുത്തച്ഛനിൽ നിന്നും അച്ഛനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, സമൂഹത്തിൽ നിലനിൽക്കുന്ന ഈ ദുരാചാരം അവസാനിപ്പിക്കാൻ സ്ത്രീധനമില്ലാതെ വിവാഹം കഴിക്കാൻ ഞാൻ തീരുമാനിച്ചു. എന്‍റെ കുടുംബാംഗങ്ങൾ ഈ തീരുമാനത്തിൽ എന്നെ പൂർണ്ണമായും പിന്തുണച്ചു,’ ജയ് നാരായൺ പ്രാദേശിക മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.

ബിരുദാനന്തര ബിരുദം നേടിയ അനിത, ഇപ്പോള്‍ ജോലിക്കായി ശ്രമിക്കുകയാണ്. സര്‍ക്കാര്‍ ജോലി ലഭിക്കുകയാണെങ്കില്‍ ഒരു വര്‍ഷത്തേക്ക് അനിതയുടെ ശമ്പളം അവളുടെ മാതാപിതാക്കള്‍ക്ക് നല്‍കാമെന്നും ജയ് നാരായണന്‍റെ കുടുംബം വധുവിന്‍റെ കുടുംബത്തിന് വാക്ക് നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ജയ് നാരായണന് അഭിനന്ദന പ്രവാഹമാണ്. വരന്‍റെയും വധുവിന്‍റെയും തീരുമാനത്തെ ദത്ത രാംഗഡ് എംഎൽഎ വീരേന്ദ്ര സിംഗും പ്രശംസിച്ചു. സമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീധനം എന്ന ദുരാചാരം ഇല്ലാതാക്കാനുള്ള നല്ല നടപടിയാണിതെന്ന് എംഎൽഎ വിവാഹത്തില്‍ പങ്കെടുക്കവേ പറഞ്ഞു.