നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു; അന്ത്യം ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

ചെന്നൈ : പ്രശസ്ത നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. സംവിധായകന്‍, അഭിനേതാവ്, തിരക്കഥാകൃത്ത്, സംഗീത സംവിധായകന്‍, നിര്‍മ്മാതാവ്, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് അദ്ദേഹം. മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമയിലെ തിരക്കഥകളുടെ രാജാവ് എന്നാണ് ഭാഗ്യരാജ് അറിയപ്പെടുന്നത്. തനതായ ഹാസ്യശൈലിയും കുടുംബബന്ധങ്ങളുടെ കഥ പറയുന്ന തിരക്കഥകളുമാണ് അദ്ദേഹത്തിന്റെ സിനിമകളുടെ പ്രധാന പ്രത്യേകത.

തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലെ വെള്ളന്‍കോയിലില്‍ കൃഷ്ണസ്വാമി-അമരാവതിയമ്മ ദമ്പതികളുടെ മകനായി 1953 ജനുവരി 7നാണ് അദ്ദേഹം ജനിച്ചത്. നര്‍മബോധംകൊണ്ടും നിര്‍ബന്ധബുദ്ധികൊണ്ടും പ്രതിസന്ധികളെ അതിജീവിക്കാന്‍ ശ്രമിക്കുന്ന നായകനായി തമിഴ് സിനിമയില്‍ തിളങ്ങിയ നായകനാണ് അദ്ദേഹം. നടനെന്ന നിലയില്‍ 75ലധികം സിനിമകളില്‍ അഭിനയിക്കുകയും 25ലധികം സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക് ഭാഷകളിലും അദ്ദേഹം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.