ഡേറ്റിങ് ആപ്പ് വഴി ചതി: കൊല്‍ക്കത്ത സ്വദേശിനിയെ കൊച്ചിയില്‍ എത്തിച്ച്‌ കവര്‍ച്ച നടത്തി കശ്മീര്‍ സ്വദേശി മുങ്ങി, പ്രതി കേരളം വിട്ടതായാണ് സൂചന

കൊച്ചി: ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയെ കൊച്ചിയിലെത്തിച്ച്‌ വിവാഹ വാഗ്ദാനം നല്‍കി പണവും ആഭരണങ്ങളും കവർന്ന ശേഷം കശ്മീർ സ്വദേശി മുങ്ങി.

ആലുവയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനായ അമൻദീപിനെതിരെ നെടുമ്ബാശ്ശേരി പോലീസ് കേസെടുത്തു. പ്രതി കേരളം വിട്ടതായാണ് സൂചന.

ഏപ്രില്‍ മാസത്തിലാണ് ഡേറ്റിങ് ആപ്പ് വഴി കൊല്‍ക്കത്ത സ്വദേശിനിയായ 23-കാരി അമൻദീപിനെ പരിചയപ്പെടുന്നത്. യുവാവിനെ വിശ്വസിച്ച്‌ ബെംഗളൂരുവിലെ ജോലിയും മാതാപിതാക്കളെയും ഉപേക്ഷിച്ചാണ് യുവതി കൊച്ചിയിലെത്തിയത്. ഇരുവരും ആലുവയിലെ ഫ്ലാറ്റില്‍ ഒരുമിച്ച്‌ താമസം തുടങ്ങുകയും ചെയ്തു. യുവതി തന്റെ പണവും ആഭരണങ്ങളും ഈ ഫ്ലാറ്റിലായിരുന്നു സൂക്ഷിച്ചിരുന്നത്.

 

വിവാഹത്തിന് വീട്ടുകാരുടെ സമ്മതം വാങ്ങാനെന്ന വ്യാജേന നവംബർ മാസത്തില്‍ അമൻദീപ് കശ്മീരിലേക്ക് പോയി. ഇതിനിടെ യുവതിയെ കൊല്‍ക്കത്തയിലേക്കും അയച്ചു. നാട്ടിലെത്തിയ ശേഷം യുവാവ് അകല്‍ച്ച കാണിക്കുകയും ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. യുവതിയുടെ നിരന്തര സമ്മർദ്ദത്തിനൊടുവില്‍ ഇരുവരും ഡിസംബർ 8-ന് കൊച്ചിയില്‍ തിരിച്ചെത്താമെന്ന് തീരുമാനിച്ചു.

യുവതി നെടുമ്ബാശ്ശേരിയില്‍ എത്തിയെങ്കിലും അമൻദീപ് നേരിട്ടെത്തിയില്ല. ഫോണ്‍ ലൊക്കേഷൻ പരിശോധിച്ചപ്പോള്‍ ഇയാള്‍ കൊച്ചിയില്‍ എത്തിയതായി വ്യക്തമായി. ഇരുവരും താമസിച്ചിരുന്ന ഫ്ലാറ്റ് പൂട്ടി താക്കോലുമായി അമൻദീപ് മുങ്ങുകയായിരുന്നു. പിന്നീട് പോലീസ് സാന്നിധ്യത്തില്‍ ഫ്ലാറ്റ് തുറന്നപ്പോഴാണ് സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളും നഷ്ടപ്പെട്ട വിവരം യുവതി അറിയുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.