കോട്ടയത്ത് ഇല്ലാത്ത കണക്ഷന് ബില്ല്; ജല അതോറിറ്റി ഉപഭോക്താവിന് 22,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ

കോട്ടയം: നല്‍കാത്ത വാട്ടര്‍ കണക്ഷന് ബില്‍ നല്‍കിയതിനു ജല അഥോറിറ്റി ഉപയോക്താവിന് 22,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവ്.

കോട്ടയം സ്വദേശിയായ ടി.എന്‍. ബാബു നല്‍കിയ പരാതിയിലാണ് നടപടി. ബാബു വാട്ടര്‍ കണക്ഷനുവേണ്ടി ജല അഥോറിറ്റി അസിസ്റ്റന്‍റ് എന്‍ജിനീയര്‍ക്ക് അപേക്ഷ നല്‍കിയിരു
ന്നു.

കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് കാലഹരണപ്പെട്ടെന്നറിയിച്ചതിനെത്തുടര്‍ന്ന് പുതിയത് നല്‍കുകയും മുദ്രപ്പത്രത്തില്‍ കരാറിലേര്‍പ്പെടുകയും ചെയ്തു. മീറ്ററും വാങ്ങി നല്‍കി. മീറ്റര്‍ പരിശോധിച്ചശേഷം സ്ഥലം പരിശോധിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്ന് വാട്ടര്‍ അഥോറിറ്റി അസിസ്റ്റന്‍റ് എന്‍ജിനിയറുമായി ബന്ധപ്പെട്ടപ്പോള്‍ ഒരു കരാറുകാരന്‍റെ നമ്ബര്‍ നല്‍കി.

കരാറുകാരനെ ബന്ധപ്പെട്ടപ്പോള്‍ പ്രധാനലൈനില്‍ പ്രശ്‌നങ്ങളുണ്ടെന്ന് അറിയിച്ചു. എന്നാല്‍ ഈ ലൈന്‍ നന്നാക്കിയിട്ടും ബാബുവിനു കണക്‌ഷന്‍ നല്‍കിയില്ല. ജലജീവന്‍ പദ്ധതി വഴി കണക്‌ഷന്‍ നല്‍കാമെന്ന് ഉറപ്പു നല്‍കിയിരുന്നെങ്കിലും അതും നടന്നില്ല.

തുടര്‍ന്ന് അദ്ദേഹം പദ്ധതി ഉപേക്ഷിക്കുകയും പ്രാദേശിക കുടിവെള്ള പദ്ധതി വഴി കണക്‌ഷനെടുക്കുകയും ചെയ്തു. എന്നാല്‍, 14,414 രൂപ കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വാട്ടര്‍ അഥോറിട്ടി 2023 നവംബര്‍ 30ന് ബാബുവിനു നോട്ടീസ് അയച്ചു. ഇതിനു മറുപടി നല്‍കിയെങ്കിലും 2024 ഫെബ്രുവരി ഏഴിന് അദാലത്തില്‍ ഹാജരാകണമെന്നു കാണിച്ച്‌ വീണ്ടും നോട്ടീസ് നല്‍കി. ഇതേത്തുടര്‍ന്നാണു ബാബു ജില്ലാ ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കിയത്.

ഗാര്‍ഹിക വാട്ടര്‍ കണക്ഷന്‍ നല്‍കുന്നതില്‍ പരാജയപ്പെട്ട വാട്ടര്‍ അഥോറിറ്റിയുടെ ഭാഗത്തുനിന്നുണ്ടായത് സേവന ന്യൂനതയാണെന്നു കണ്ടെത്തി അഡ്വ.വി.എസ്. മനുലാല്‍ പ്രസിഡന്‍റും അഡ്വ. ആര്‍. ബിന്ദു, കെ.എം. ആന്‍റോ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്‍ 20000 രൂപ നഷ്ടപരിഹാരം നല്‍കാൻ വിധിക്കുകയായിരുന്നു. ബാബുവിനുണ്ടായ മാനസിക ക്ലേശത്തിന് 2000 രൂപയും ഒരു മാസത്തിനകം നല്‍കണമെന്ന് കമ്മിഷന്‍ ഉത്തരവിട്ടു.