തൃശൂർ: എട്ടു വർഷത്തിനിടെ സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങളും കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന (പോക്‌സോ) കേസുകളും ഇരട്ടിയായി. 2016ല്‍ സംസ്ഥാനത്ത് 2,131 പോക്‌സോ കേസുകളുണ്ടായിരുന്നത് 2023ല്‍ ഇത് 4,641 ആയി. 2024 ജൂണ്‍ വരെയുള്ള കണക്കുപ്രകാരം 2,180 കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അധ്യാപകർ, സ്‌കൂള്‍ വാഹനങ്ങളുടെ ഡ്രൈവർമാർ, കുട്ടികളെ താലോലിക്കുന്ന കുടുംബാംഗങ്ങള്‍, വീട്ടുജോലിക്കാർ തുടങ്ങിയവരാണ് പ്രതി സ്ഥാനത്ത്. പ്രതികളില്‍ സ്ത്രീകളുമുണ്ട്. 2016ല്‍ 283 സൈബർ കുറ്റകൃത്യങ്ങള്‍ രജിസ്റ്റർ ചെയ്തിരുന്നത് കഴിഞ്ഞ വർഷം 3,155 ആയി.
2020 മുതലാണ് (426 കേസ്) കൂടാൻ തുടങ്ങിയത്. ഏറ്റവുമധികം വർധന 2023ലാണ്. 20 ശതമാനത്തിലധികവും ഹണിട്രാപ്പ് കേസാണ്. ജോലി വാഗ്ദാനം ചെയ്തുള്ളതും ഓണ്‍ലൈൻ വായ്പാ തട്ടിപ്പുമാണ് ഇതിലേറെയും.
ഈ വർഷം ജൂണ്‍ വരെ 1898 കേസുകള്‍ രജിസ്റ്റർ ചെയ്തു. ദുരുദ്ദേശ്യത്തോടെയുള്ള സ്പർശനങ്ങളെപ്പറ്റി വീട്ടിലും വിദ്യാലയങ്ങളിലും കുട്ടികളെ ബോധവത്കരിക്കുകയാണ് പോം വഴി. തുറന്നു പറയാനും പഠിപ്പിക്കണം.
അപരിചിതരുടെ സൗഹൃദാപേക്ഷ സ്വീകരിക്കാതിരിക്കുക, പരിചയമില്ലാത്തവരോട് ചാറ്റ് ചെയ്യാതിരിക്കുക, സംശയകരമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക തുടങ്ങിയവയും ശ്രദ്ധിക്കണം.
പോക്‌സോ പ്രകാരം മൂന്ന് വർഷം മുതല്‍ ജീവപര്യന്തം വരെ തടവും പിഴയും ലഭിക്കാം. മോശം വാക്ക്, ശബ്ദം, ആംഗ്യം തുടങ്ങിയവയും കുറ്റമാണ്. സോഷ്യല്‍ മീഡിയയില്‍ സുന്ദരികളുടെ ഫോട്ടോ വച്ചുള്ള ഫ്രണ്ട് റിക്വസ്റ്റില്‍ നിന്നാണ് ഹണിട്രാപ്പിന്റെ തുടക്കം.
ചാറ്റിംഗില്‍ ഉറ്റ സൗഹൃദം സ്ഥാപിക്കും. വീഡിയോകാളില്‍ സ്വകാര്യദൃശ്യങ്ങളും സംഭാഷണവും മറ്റും റെക്കോഡ് ചെയ്ത് പണം ആവശ്യപ്പെടും.
പോക്‌സോ കേസുകള്‍
2021….. 3516
2022….. 4518
2023….. 4641
സൈബർ കേസുകള്‍
2021….. 626
2022….. 723
2023….. 3155
