വിലപ്പെട്ട ജീവനുകളാണ് നഷ്ടമായത്; കുസാറ്റിലെ സംഗീത പരിപാടിക്കിടെയുണ്ടായ അപകടത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ കുറ്റപ്പെടുത്തരുതെന്ന് ഹെെക്കോടതി.

 

കൊച്ചി : അപകടത്തില്‍ വിലപ്പെട്ട ജീവനുകളാണ് നഷ്ടമായിരിക്കുന്നത്. അതില്‍ ആരെയും കുറ്റപ്പെടുത്താൻ കോടതി താല്‍പര്യപ്പെടുന്നില്ല. വിദ്യാര്‍ത്ഥികളാണ് അവിടെത്തെ ജനങ്ങളെ നിയന്ത്രിച്ചിരുന്നതെന്നാണ് മനസിലാക്കുന്നത്. പക്ഷേ ഏതെങ്കിലും വിദ്യാര്‍ത്ഥികളെ പഴിചാരാൻ ആഗ്രഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ എസ് യു നല്‍കിയ ഹര്‍ജിയിലാണ് നടപടി. സര്‍ക്കാരിനോടും സര്‍വകലാശാല അധികൃതരോടും നിലവില്‍ അന്വേഷണം സംബന്ധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാൻ കോടതി നിര്‍ദേശം നല്‍കി അടുത്ത വ്യാഴാഴ്ചത്തേയ്ക്ക് മാറ്റി.

അതേസമയം, കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ക്യാമ്ബസുകളില്‍ പരിപാടികള്‍ നടത്തുമ്ബോള്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടം തയ്യാറാക്കാൻ സമിതി രൂപീകരിച്ചതായി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞിരുന്നു. സാങ്കേതിക സര്‍വകലാശാല വൈസ് ചാൻസലര്‍ ഡോ. സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. രാജശ്രീ എം.എസ്‌, സ്‌കൂള്‍ ഓഫ് എൻവയോണ്‍മെന്റല്‍ സയൻസസ് ആൻഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് മേധാവി ഡോ. ബൈജു കെ.ആര്‍. എന്നിവരടങ്ങിയതാണ് സമിതി. കുസാറ്റ് ദുരന്തത്തെക്കുറിച്ചുള്ള സമഗ്ര അന്വേഷണവും സമിതി നടത്തും. ക്യാമ്ബസുകളില്‍ പരിപാടികള്‍ നടത്തുമ്ബോള്‍ പാലിക്കേണ്ട പൊതു നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെട്ട പെരുമാറ്റച്ചട്ടമാണ് സമിതി തയ്യാറാക്കുകയെന്നും മന്ത്രി അറിയിച്ചു.