ജൊഹാനസ്ബര്‍ഗ്: വെടിക്കെട്ട് സെഞ്ച്വറിയുമായി സൂര്യകുമാര്‍ കളം നിറഞ്ഞപ്പോള്‍ വിക്കറ്റ് വേട്ട നടത്തി കുല്‍ദീപ് യാദവും ടീം ഇന്ത്യയ്ക്ക് കരുത്ത് പകര്‍ന്നു. ഇതോടെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്ബരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യ 106 റണ്‍സിന്റെ വിജയം സ്വന്തമാക്കി. ഇതോടെ പരമ്ബര സമനിലയില്‍ (11) പിരിഞ്ഞു. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മര്‍ക്രം ഫീല്‍ഡിങ് തിരഞ്ഞെടുത്തു. എന്നാല്‍ വിജയം ഇന്ത്യയ്‌ക്കൊപ്പം നിന്നു.
56 പന്തില്‍ 100 റണ്‍സെടുത്ത സൂര്യക്കു പുറമെ 41 പന്തില്‍ 60 റണ്‍സുമായി ഓപണര്‍ യശസ്വി ജയ്‌സ്വാളും ദക്ഷിണാഫ്രിക്കയെ അടിച്ചു തകര്‍ത്തു. ഇതൊടെ ഇന്ത്യ 201 റണ്‍സെന്ന കൂറ്റൻ സ്‌കോറിലെത്തി. മറുപടി ബാറ്റങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കാവട്ടെ കുല്‍ദീപിന്റെ ബൗളിങ് പവറിന് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. 13.5 ഓവറില്‍ 95 റണ്‍സിന് എല്ലാവരും പുറത്തായി. 35 റണ്‍സെടുത്ത ഡേവിഡ് മില്ലറാണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റൻ എയ്ഡൻ മാര്‍ക്രം 25 ഉം ഡോണോവൻ ഫെരേര 12 ഉം മാത്രമാണ് രണ്ടക്കം കടന്ന ബാറ്റര്‍മാര്‍. അഞ്ചു വിക്കറ്റെടുത്ത കുല്‍ ദീപ് യാദവും രണ്ട് വിക്കറ്റ് വീഴ്‌ത്തിയ രവീന്ദ്ര ജഡേജയുമാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിങ്ങിന്റെ നടുവൊടിച്ചത്. മുകേഷ് കുമാര്‍, അര്‍ഷദീപ് സിങ് എന്നിവര്‍ ഒരോ വിക്കറ്റും വീഴ്‌ത്തി.
ഇന്ത്യൻ ഓപണര്‍ ശുഭ്മൻ ഗില്‍ മൂന്നാം ഓവറില്‍ പുറത്തായി. തൊട്ടടുത്ത പന്തില്‍ തിലക് വര്‍മയും കളിക്കളത്തിന് പുറത്തായി. മൂന്ന് ഓവറില്‍ ഇന്ത്യ രണ്ടിന് 30. അപ്രതീക്ഷിത വിക്കറ്റ് വീഴ്ചകളില്‍ ടീം പതറിയില്ല. മറുതലക്കല്‍ കത്തിക്കയറിയ ജയ്‌സ്വാളിനൊപ്പം ക്യാപ്റ്റൻ സൂര്യയും ചേര്‍ന്നതോടെ ഇന്ത്യ കസറി. ജയ്‌സ്വാള്‍ 34-ാം പന്തില്‍ അര്‍ധശതകം കുറിച്ചു. പിന്നാലെ സൂര്യയുടെ കുതിപ്പ് തുടങ്ങി. ആൻഡില്‍ പെഹ്ലുക് വായോ എറിഞ്ഞ 13ാം ഓവറില്‍ നായകന്റെ ബാറ്റില്‍നിന്ന് പിറന്നത് മൂന്നു സിക്‌സും ഒരു ഫോറും. അടുത്ത ഓവറില്‍ ജയ്‌സ്വാളിന്റെ പോരാട്ടം അവസാനിച്ചു. തബ്രൈസ് ഷംസിയുടെ പന്തില്‍ ജയ്‌സ്വാളിനെ ഹെൻഡ്രിക്‌സ് ക്യാച്ചെടുത്തു.
14 ഓവറില്‍ ഇന്ത്യ മൂന്നിന് 141. 16ാം ഓവര്‍ എറിഞ്ഞ നന്ദ്രെ ബര്‍ഗറിന് സൂര്യയുടെ കൈയില്‍നിന്ന് കണക്കിനു കിട്ടി. ക്യാപ്റ്റൻ സെഞ്ച്വറിക്കരികില്‍ നില്‍ക്കെ 10 പന്തില്‍ 14 റണ്‍സെടുത്ത റിങ്കു സിങ് 19ാം ഓവറില്‍ സ്റ്റബ്‌സിന് ക്യാച്ച് സമ്മാനിച്ചു. നാലിന് 187. അവസാന ഓവറിലായിരുന്നു സൂര്യയുടെ ശതകം. നേരിട്ട 55-ാം പന്തില്‍ ലിസാഡ് വില്യംസിനെ ഡബ്‌ളെടുത്ത് മൂന്നക്കം തികച്ച സ്‌കൈ തൊട്ടടുത്ത പന്തില്‍ മടങ്ങി. ബ്രീസ്‌കെക്ക് ക്യാച്ച്. നാലാം പന്തില്‍ രവീന്ദ്ര ജദേജ (4) റണ്ണൗട്ട്. അടുത്ത പന്തില്‍ ജിതേഷ് ശര്‍മ (4) ഹിറ്റ് വിക്കറ്റായി.
