ഇടതുപക്ഷത്തിന് ഏറ്റവും കൂടുതല്‍ നാണക്കേട് ഉണ്ടാക്കിയത് എസ്‌എഫ്‌ഐയും ഇ പി ജയരാജനും; പി ജയരാജന്റെ കാര്യത്തില്‍ വഷളായത് ഫേസ്ബുക്ക് പോസ്റ്റിലൂടെ; ജില്ലാ സെക്രട്ടേറിയറ്റില്‍ നേതാക്കള്‍ക്ക് രൂക്ഷവിമര്‍ശനം

കണ്ണൂർ: സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ നേതാക്കള്‍ക്ക് രൂക്ഷവിമർശനം.

മനു തോമസ് വിഷയത്തില്‍ പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രശ്നം വഷളാക്കിയെന്നാണ് സെക്രട്ടേറിയറ്റില്‍ വിമർശനമുയർന്നത്.
ഇടതുപക്ഷത്തിന് ഏറ്റവും കൂടുതല്‍ നാണക്കേട് ഉണ്ടാക്കിയത് എസ്‌എഫ്‌ഐയും ഇ പി ജയരാജനും ആണെന്നാണ് ജില്ലാ സെക്രട്ടറിയേറ്റില്‍ അഭിപ്രായമുയർന്നത്.

ക്ഷേമപെൻഷൻ കുടിശ്ശികയും തിരഞ്ഞെടുപ്പിനെ ബാധിച്ചു എന്നും ജില്ലാ സെക്രട്ടറിയേറ്റില്‍ വിലയിരുത്തിലുണ്ടായി.
ജില്ലാ സെക്രട്ടറി മാധ്യമങ്ങളോട് വിശദീകരിച്ച്‌ അവസാനിപ്പിച്ച വിഷയം വീണ്ടും ഉയർത്തിക്കൊണ്ടുവന്നത് പി. ജയരാജനാണെന്നും അദ്ദേഹം ഇട്ട ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രശ്നം കൂടുതല്‍ വഷളായെന്നും വിമർശനമുണ്ടായി.

ആകാശ് തില്ലങ്കേരി, അർജുൻ ആയങ്കി അടക്കമുള്ള ക്വട്ടേഷൻ സംഘങ്ങള്‍ വീണ്ടും പാർട്ടിക്കുവേണ്ടി വാദിക്കാൻ ഇടയാക്കിയത് പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണെന്നും സെക്രട്ടേറിയറ്റില്‍ വിമർശനമുയർന്നു.
സി.പി.എമ്മില്‍ നിന്ന് പുറത്തുപോയതിനെ തുടര്‍ന്നാണ് മുന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസ് കണ്ണൂരിലെ ചില സി.പി.എം. നേതാക്കള്‍ക്ക് ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് ബന്ധമുണ്ടെന്ന ആരോപണം ഉന്നയിച്ചത്.

പി. ജയരാജന്‍ വിഷയത്തില്‍ പ്രതികരിച്ച്‌ ഫേയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതിനെ തുടര്‍ന്ന് വിഷയം വലിയ ചര്‍ച്ചയാകുകയും തുടര്‍ പ്രതികരണങ്ങള്‍ ഉണ്ടാകുകയും ചെയ്തിരുന്നു.