സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ അന്തരിച്ചു; അന്ത്യം ചെന്നൈ അപ്പോളോ ആശുപത്രിയിൽ ക്യാൻസർ ബാധിതനായി ചികിത്സയിലിരിക്കെ

കോട്ടയം: സിപിഎം കോട്ടയം ജില്ലാസെക്രട്ടറി എ വി റസല്‍ അന്തരിച്ചു. ചെന്നൈയില്‍ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റിയംഗവും ഏഴുവര്‍ഷം ജില്ലാ സെക്രട്ടറിയുമായിരുന്നു.

സിഐടിയു അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റി അംഗമാണ്. സെക്രട്ടറിയായിരുന്ന വി എന്‍ വാസവന്‍ നിയമസഭാംഗമായതോടെയാണ് റസലിനെ ജില്ലാ സെക്രട്ടറിയായി ആദ്യം തിരഞ്ഞെടുത്തത്. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് സെക്രട്ടറിയുടെ ചുമതലയും വഹിച്ചു.

1981 മുതല്‍ സിപിഐ എം അംഗം. 28 വര്‍ഷമായി ജില്ലാ കമ്മിറ്റി അംഗമാണ്. ഒന്നര ദശാബ്ദത്തിലേറെയായി സെക്രട്ടറിയറ്റിലുമുണ്ട്. 13 വര്‍ഷം ചങ്ങനാശേരി ഏരിയ സെക്രട്ടറിയായിരുന്നു. സിഐടിയു ജില്ലാ സെക്രട്ടറിയായും നേതൃരംഗത്തുണ്ടായിരുന്നു.

ചങ്ങനാശേരി അര്‍ബന്‍ ബാങ്ക് പ്രസിഡന്റായി മികച്ച സഹകാരിയെന്ന പേരും സ്വന്തമാക്കി. 2006ല്‍ ചങ്ങനാശേരിയില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. 2000 05ല്‍ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു. ചങ്ങനാശേരി തെങ്ങണ ആഞ്ഞിലിമൂട്ടില്‍ അഡ്വ. എ കെ വാസപ്പന്റെയും പി ശ്യാമയുടെയും മകനാണ്. ഭാര്യ: ബിന്ദു. മകള്‍: ചാരുലത എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ എച്ച്‌ആര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ്. മരുമകന്‍: അലന്‍ ദേവ് ഹൈക്കോടതി അഭിഭാഷകന്‍.