കോവിഡ് മഹാമാരി ലോകത്ത് സൃഷ്ടിച്ച ആഘാതം ഔദ്യോഗിക രേഖകളിലുള്ളതിനേക്കാൾ എത്രയോ ഭീകരമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ റിപ്പോർട്ട്.
‘വേൾഡ് ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്സ് 2026’ പ്രകാരം, 2020-2023 കാലഘട്ടത്തിൽ ആഗോളതലത്തിൽ 2.21 കോടിയിലധികം ആളുകൾ കോവിഡ് മൂലം മരണമടഞ്ഞു. വിവിധ രാജ്യങ്ങൾ നൽകിയ ഔദ്യോഗിക കണക്കായ 70 ലക്ഷത്തിന്റെ മൂന്നിരട്ടിയോളം വരുമിത്.
കോവിഡ് ബാധിച്ച് ചികിത്സ ലഭിക്കാതെ മരിച്ചവരെയും ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ മരണങ്ങൾ ഉണ്ടായ വർഷം 2021 ആയിരുന്നു.
വൈറസിന്റെ അപകടകാരികളായ വകഭേദങ്ങൾ പടർന്നുപിടിച്ച 2021-ൽ മാത്രം 1.04 കോടിയിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. സ്ത്രീകളേക്കാൾ 50 ശതമാനം അധികം പുരുഷന്മാരാണ് ഈ കാലയളവിൽ മരിച്ചതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ലോകത്തിന്റെ ആരോഗ്യ പുരോഗതിയെ ഈ മഹാമാരി ഒരു പതിറ്റാണ്ടോളം പുറകോട്ട് വലിച്ചെന്നും റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ആഗോളതലത്തിൽ ആയുർദൈർഘ്യത്തിലും ആരോഗ്യനിലവാരത്തിലും കൈവരിച്ച നേട്ടങ്ങളെല്ലാം 2021-ഓടെ ഇല്ലാതായി. രോഗം ബാധിച്ചവരിൽ 85 വയസ്സിനു മുകളിലുള്ളവരുടെ മരണനിരക്ക് യുവാക്കളേക്കാൾ പത്തിരട്ടിയാണെന്ന് റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു.
കോവിഡിന് പിന്നാലെ മറ്റ് ആരോഗ്യ മേഖലകളിലും തിരിച്ചടികൾ നേരിട്ടിട്ടുണ്ട്. എച്ച്ഐവി, ക്ഷയം തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്നതിൽ പുരോഗതികൾ ഉണ്ടായെങ്കിലും, 2015-ന് ശേഷം മലേറിയ ബാധിതരുടെ എണ്ണത്തിൽ 8.5 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.
മാതൃ-ശിശു ആരോഗ്യം, ജീവിതശൈലീ രോഗങ്ങൾ എന്നിവയെ തടയുന്നതിനുള്ള പ്രവർത്തനങ്ങൾ പലയിടത്തും മന്ദഗതിയിലാണെന്നും, ലോകം ആരോഗ്യരംഗത്ത് നേരിടുന്ന അസമത്വം ഇന്നും പരിഹരിക്കപ്പെടാതെ തുടരുകയാണെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പറയുന്നു.
