ജോലിസ്ഥലത്തേക്ക് പോകാൻ കാറിൽ വീടിനു പുറത്തേക്കിറങ്ങിയ കോൺട്രാക്ടർക്കു നേരെ ഗുണ്ടകളുടെ വടിവാൾ ആക്രമണം; പ്രാണരക്ഷാർത്ഥം കാർ ഓടിച്ച് എത്തിയത് തൃക്കൊടിത്താനം പൊലീസ് സ്‌റ്റേഷനിലേക്ക്

നാലുകോടി: ജോലിസ്ഥലത്തേക്ക് പോകാൻ കാറിൽ വീടിനു പുറത്തേക്കിറങ്ങിയ ആൾക്കു നേരെ ഗുണ്ടകളുടെ വടിവാൾ ആക്രമണം. പ്രാണരക്ഷാർത്ഥം കാർ ഓടിച്ച് പൊലീസ് ‌സ്റ്റേഷനിൽ അഭയം തേടി. അഖിലകേരള വിശ്വകർമ മഹാസഭസംസ്ഥാന കൗൺസിൽ അംഗവും കോൺട്രാക്‌ടറായ നാലുകോടി തകിടിയേൽ എസ്.പ്രസന്നകുമാറിനു (58) നേരെയാണ് ആക്രമണം.

നാലാമത്തെ തവണയാണ് വധശ്രമമെന്നു പ്രസന്നകുമാർ പറഞ്ഞു. ഇന്നലെ രാവിലെ 7.30നാണ് ഒടുവിലത്തെ സംഭവം. പ്രസന്നകുമാർ കാറിൽ വീടിന്റെ ഗേറ്റിന് പുറത്തേക്കു കടന്നതും റോഡരികിൽ ആയുധങ്ങളുമായി ഒളിച്ചിരുന്ന സംഘം ആക്രമിക്കുകയായിരുന്നു.

കാറിന്റെ ഗ്ലാസുകളും ബോഡിയും തകർത്തു. പുറത്തിറങ്ങാതെ നേരെ തൃക്കൊടിത്താനം സ്‌റ്റേഷനിലേക്ക് കാർ ഓടിച്ചുപോയി. മുൻപ് പ്രസന്നകുമാറിൻ്റെ വീട്ടിലെത്തിയും ഗുണ്ടാസംഘം ആക്രമണം നടത്തിയിരുന്നു. പൊലീസിനു പലതവണ പരാതി നൽകിയെങ്കിലും നടപടിയില്ലെന്നു പ്രസന്നകുമാർ പറഞ്ഞു.

നാലുകോടിയിൽ വീട് കേന്ദ്രീകരിച്ച് ഒരു സ്ത്രീയുടെ നേതൃത്വത്തിൽ ഗുണ്ടാപ്രവർത്തനം നടത്തുന്ന സംഘമാണ് ഇതിനു പിന്നിലെന്നു പ്രസന്നകുമാർ പറഞ്ഞു. ഇവർക്ക് എതിരെ പരാതിപ്പെടുന്ന നാട്ടുകാർക്കെതിരെ ആക്രമണം പതിവാണെന്നും പ്രസന്നകുമാർ പറയുന്നു.