അവസാന വാക്ക് ആന്റണിയുടേതോ..? എ.കെ. ആന്റണിയെ വിളിച്ച്‌ രാഹുല്‍ ഗാന്ധി; കൊടിക്കുന്നിലിനെയും വിളിച്ചു; സസ്പെൻഡ് തുടരുന്നു; പ്രഖ്യാപനം നാളെ…!

ഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച്‌ രാഹുല്‍ ഗാന്ധി.

വിഷയത്തില്‍ ആന്റണിയുടെ നിലപാട് തേടി തീരുമാനമെടുക്കാമെന്നാണ് ഹൈക്കമാൻഡിന്റെ നിലപാട്. കൊടിക്കുന്നില്‍ സുരേഷിനെയും ഹൈക്കമാൻഡ് വിളിച്ചു.

കൊ‌ടിക്കുന്നില്‍ വി.ഡി. സതീശനെ പിന്തുണച്ചുവെന്നാണ് സൂചന. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇതുവരെ എഐസിസി വാർത്താസമ്മേളനം വിളിച്ചില്ല.

രാഹുല്‍ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും അരമണിക്കൂർ ചർച്ച നടത്തിയെങ്കിലും തീരുമാനം പരസ്യമായി അറിയിച്ചില്ല. തീരുമാനം ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും നാളേയ്ക്ക് നീളുമെന്നാണ് സൂചന.

കെ സി വേണുഗോപാല്‍, വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകള്‍ ഉയര്‍ന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ആരുടെ പേരാവും ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുക എന്നതിലേക്ക് ഉറ്റുനോക്കുകയാണ് കേരളം. തെരഞ്ഞെടുപ്പ് ഫലം വന്ന് പത്താം നാള്‍ ആയിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതില്‍ മുറുമുറുപ്പുയരുന്നുണ്ട്.

മുഖ്യമന്ത്രിയെ ഇനിയും പ്രഖ്യാപിക്കാൻ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിയാതെ വന്നതോടെ സംസ്ഥാനം അക്ഷരാർത്ഥത്തില്‍ ഭരണ സ്തംഭനത്തിലായി. കേരളത്തിനൊപ്പം ഫലം വന്ന എല്ലാ സംസ്ഥാനങ്ങളിലും പുതിയ സർക്കാരുകള്‍ ഭരണം തുടങ്ങി. പലയിടത്തും ജനങ്ങള്‍ നേതാക്കളെ ചോദ്യം ചെയ്തു തുടങ്ങിയതോടെ സഖ്യകക്ഷികള്‍ അടക്കം സഹികെട്ടു.