തിരുവനന്തപുരം: കേരളത്തില്‍ ഭരണത്തുടർച്ചയോ ഭരണമാറ്റമോ എന്ന ആകാംക്ഷ തുടരുന്നതിനിടയില്‍ കോണ്‍ഗ്രസ് പാളയത്തില്‍ മുഖ്യമന്ത്രി കസേരയെച്ചൊല്ലിയുള്ള ഗ്രൂപ്പ് പോര് തുടരുന്നു.
കെ.സി പക്ഷവും വി.ഡി സതീശൻ അനുകൂലികളും ചെന്നിത്തലയുടെ പക്ഷവുമെല്ലാം വെവ്വേറെ തട്ടുകളിലായി അണിനിരന്നു കഴിഞ്ഞു. ശക്തി തെളിയിക്കാൻ കൂടുതല്‍ എം.പിമാരെ ഹൈക്കമാൻഡിന് മുന്നിലെത്തിക്കാനാണ് കെ.സി വേണുഗോപാല്‍ പക്ഷത്തിന്റെ നീക്കം.
ഇതിനായി കെ.സുധാകരൻ വഴി സമ്മര്‍ദ്ദ ശ്രമം ശക്തമായിട്ടുണ്ട്. കെ.സി വേണുഗോപാലിന് ഡൽഹിയിലുള്ള സ്വാധീനം ഉപയോഗിച്ച് എം.പിമാരുടെ പിന്തുണയോടെ സമ്മർദ്ദം ചെലുത്താനാണ് ശ്രമം.
അതേസമയം, ‘കളത്തില്‍ താനുമുണ്ട്’ എന്ന സന്ദേശവുമായി രമേശ് ചെന്നിത്തലയുടെ അനുകൂലികളും നീക്കങ്ങള്‍ സജീവമാക്കിയിരിക്കുകയാണ്.
ഇതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വിഭാഗം വൻ അവകാശവാദവുമായി രംഗത്തെത്തിയിട്ടുണ്ട്. എതിർ ഗ്രൂപ്പിലെ പല എം.എല്‍.എമാരും തങ്ങള്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് വി.ഡി വിഭാഗത്തിന്റെ അവകാശവാദം. എം.എല്‍.എമാരുടെ കണക്കുകള്‍ നിരത്തി ഹൈക്കമാൻഡിനെ വരുതിയിലാക്കാന്‍ സതീശൻ പക്ഷം ഒരുങ്ങിക്കഴിഞ്ഞു.
