രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതിയുമായി ആദ്യ പരാതിക്കാരിയുടെ ഭർത്താവ് രംഗത്ത്. രാഹുൽ തന്‍റെ കുടുംബ ജീവിതം തകർത്തെന്ന് കാട്ടി നാട്ടുകൽ പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്. നേരത്തെ മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇയാൾ പരാതി നൽകിയിരുന്നു. പരാതി നല്‍കി ഒരു മാസമായിട്ടും നടപടി ഉണ്ടായില്ലെന്നാണ് യുവാവ് പറയുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ് ആവശ്യം. മൂന്നാം ബലാത്സംഗ കേസില്‍ രാഹുലിന് ഒരാഴ്ച മുമ്പ് ജാമ്യം ലഭിച്ചിരുന്നു. അറസ്റ്റിലായി പതിനെട്ടാം ദിവസമാണ് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ബലാത്സംഗ കുറ്റം നിലനിൽക്കുമോ എന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് കോടതി ഉത്തരവിലുണ്ട്.
അതേസമയം ബലാത്സംഗ കേസുകളുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന പരാതി നൽകിയ ഡികെ മുരളിയെ ഹിയറിംഗ് നടത്താൻ നിയമസഭ പ്രിവിലേജ് ആന്റ് എത്തിക്ക്സ് കമ്മിറ്റി തീരുമാനമായി. 23ന് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാനാണ് മുരളിക്ക് നിർദ്ദേശം. മുരളിയുടെ പരാതിയിൽ സാങ്കേതിക പിഴവുണ്ടെന്ന് എത്തിക്സ് കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങൾ ഉന്നയിച്ചു. രാഹുലിന്റെ കേസുകൾ ഉയർത്തി വിഷയം ക്രമപ്രശ്നമായി ഉന്നയിക്കാൻ അവസരം നൽകണമെന്നാണ് ഡികെ മുരളിയുടെ ആവശ്യം. ഇത്തരമൊരു ആവശ്യം എന്തിനാണ് എത്തിക്സ് കമ്മിറ്റി പരിഗണിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യം. മുരളിക്ക് പിന്നാലെ രാഹുലിനെ കൂടി കേട്ടശേഷമായിരിക്കും കമ്മിറ്റി തീരുമാനം. സാങ്കേതിക നടപടികൾ നീളുന്നതിനാൽ ഈ സമ്മേളനകാലത്ത് അന്തിമ നടപടിയുണ്ടാകില്ല. രാഹുലിനെ പുറത്താക്കിയെങ്കിലും എത്തിക്സ് കമ്മിറ്റി അയോഗ്യനാക്കുന്നതിനോട് കോൺഗ്രസിന് യോജിപ്പില്ല എന്നാണ് റിപ്പോർട്ട്.
