ക്ലാസ് മുറിയില്‍ പാമ്പിൻ കുഞ്ഞുങ്ങള്‍; പാമ്പ് ശല്യം തടയാൻ പഞ്ചായത്തിന് നല്‍കേണ്ട പരാതി സ്‌കൂള്‍ പ്രിൻസിപ്പാള്‍ നല്‍കിയത് പൊലീസ് സ്റ്റേഷനില്‍; ജോലിത്തിരക്കിനിടെ പൊലീസിനെ വട്ടംചുറ്റിച്ച പരാതി

കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലത്തെ ഒരു സ്‌കൂള്‍ പ്രിൻസിപ്പല്‍ നല്‍കിയ പരാതി കണ്ട് ഞെട്ടിയിരിക്കുകയാണ് കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ.

കാര്യം മറ്റൊന്നുമല്ല, സ്‌കൂളിലെ ക്ലാസ് മുറിയില്‍ പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തി. ക്ലാസ് മുറിയിലും സ്‌കൂള്‍ പരിസരത്തും പാമ്പിന്റെ ശല്യം തടയുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കണം എന്നാണ് ചാത്തമംഗലം ആർ.ഇ.സി ജി.എച്ച്‌. എസ്. എസ് സ്‌കൂളിലെ പ്രിൻസിപ്പാള്‍ പരാതിയില്‍ പറയുന്നത്.

ജോലിത്തിരക്കിനിടെ ഇനി പാമ്പിനെ പിടിത്തവും പഠിക്കേണ്ടി വരുമോ എന്നാണ് പൊലീസുകാർ ചോദിക്കുന്നത്. എന്നാല്‍ ഇത്തരം പരാതികളുമായി പഞ്ചായത്തിനെയല്ലെ സമീപിക്കേണ്ടതെന്ന ചോദ്യവും ഉയരുന്നുണ്ട്.
വേനല്‍ അവധിക്കാലത്തിന് ശേഷം സ്‌കൂള്‍ തുറന്നതിന് പിന്നാലെയാണ് ചാത്തമംഗലം ആർ.ഇ.സി ജി.എച്ച്‌. എസ്. എസ് സ്‌കൂളിലെ ക്ലാസ് മുറിയില്‍ പാമ്ബിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയത്.

സ്‌കൂള്‍ തുറന്ന് രണ്ടാഴ്ചയ്ക്കിടെയാണ് ക്ലാസ് മുറിയില്‍ പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടത്. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കയിലാക്കിയ സംഭവത്തിനിടെയാണ് പാമ്പിന്റെ ശല്യം തടയുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ സ്‌കൂള്‍ പ്രിൻസിപ്പല്‍ പരാതി നല്‍കിയത്.

ക്ലാസ് മുറിയില്‍ നിന്നും പതിമൂന്നാം തീയതിയും പതിനാലും തീയതിയും പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തുകയുണ്ടായി. ഇത് കുട്ടികളില്‍ ഭീതി സൃഷ്ടിച്ചിട്ടുണ്ട്. ക്ലാസ് മുറിയിലും സ്‌കൂള്‍ പരിസരത്തും പാമ്പ് ശല്യം തടയുന്നതിനായി നടപടി സ്വീകരിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.