കോൺഫിഡന്റ് ഗ്രൂപ്പ് സിജെ റോയ്‌യുടെ സംസ്കാരം നാളെ; ചടങ്ങുകൾ ബെംഗളൂരുവിൽ വച്ച്

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ റോയ്‌യുടെ സംസ്കാരം നാളെ ബെംഗളൂരുവിൽ നടക്കും. കുടുംബാംഗങ്ങൾ വിദേശത്തുനിന്ന് രാത്രിയോടെ മടങ്ങിയെത്തും. റോയ്‌യുടെ മൃതദേ​ഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബൗറിംഗ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം ആദായനികുതി റെയ്ഡിനിടെ വ്യവസായ പ്രമുഖൻ സിജെ റോയ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരണത്തിന് ഉത്തരവാദി ഇൻകം ടാക്സ് ഉദ്യോഗസ്ഥരെന്ന് ആരോപണം ഉന്നയിക്കുകയാണ് കോൺഫിഡന്റ് ഗ്രൂപ്പിന്റെ ലീഗൽ അഡ്വൈസർ പ്രകാശ്. ഐടി ഉദ്യോഗസ്ഥർ നിരന്തരമായി സമ്മർദ്ദം ചെലുത്തിയെന്നും പ്രകാശ് ആരോപിക്കുന്നു. ഇന്ന് വൈകിട്ട് 3.15നാണ് സ്വയം വെടിയുതിർത്ത് സിജെ റോയ് ജീവനൊടുക്കിയത്.

റോയ്‌യുടെ മരണത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അശോക് നഗർ പൊലീസാണ് കേസെടുത്തത്. കേരളത്തിൽ നിന്നുള്ള ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റെയ്ഡിനെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഉദ്യോഗസ്ഥരിൽ നിന്ന് വിശദമായി മൊഴിയെടുക്കുമെന്നും ബെംഗളൂരു പൊലീസ് കമ്മീഷണർ സീമന്ത് കുമാർ വ്യക്തമാക്കി. സിജെ റോയ്‌യുടെ മരണത്തില്‍ ആദായ വകുപ്പിനെതിരെ ഗുരുത ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. ആദായ വകുപ്പ് ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് റോയ് ജീവനൊടുക്കിയതെന്ന് റോയ്‌യുടെ സഹോദരന്‍ സിജെ റോയ് ആരോപിച്ചിരുന്നു. ആദായ വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍ കൃഷ്ണപ്രസാദാണ് റോയിയുടെ മരണത്തിന് ഉത്തരവാദി. റോയ് മരിച്ചിട്ടും ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് തുടര്‍ന്നുവെന്നും കുടുംബം ആരോപിച്ചു.