ഒന്നര വയസുകാരന്റെ കൊലപാതകം; പീഡന വിവരം നേരത്തെ അറിഞ്ഞിട്ടും നടപടി എടുക്കാതെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്; സംഭവത്തിൽ ഗുരുതര വീഴ്ച്ചയെന്ന് കണ്ടെത്തൽ; ജീവനക്കാരനെ പുറത്താക്കാന്‍ ഉത്തരവിട്ട് മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: നെടുമങ്ങാട്ട് ഒന്നരവയസ്സുകാരന്‍ അര്‍ഷിദ് കൊല്ലപ്പെട്ട സംഭവത്തില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിനുണ്ടായ വീഴ്ചയില്‍ കര്‍ശന നടപടി.

കുട്ടി നിരന്തരം പീഡനത്തിനിരയായെന്ന വിവരം നേരത്തെ തന്നെ അറിഞ്ഞിട്ടും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നടപടിയെടുത്തില്ലെന്നാണ് വിവരം. കുട്ടിയുടെ അമ്മ അഖിലയുടെ മാതാവ് റീന വിളിച്ചറിയിച്ചിട്ടും നടപടി എടുക്കാതിരുന്ന താത്കാലിക ജീവനക്കാരനെ ജോലിയില്‍ നിന്ന് പുറത്താക്കാന്‍ മന്ത്രി ബിന്ദു കൃഷ്ണ അടിയന്തര നിര്‍ദേശം നല്‍കി.

വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ വി. വിഘ്‌നേശ്വരി ഐഎഎസിനാണ് മന്ത്രി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

കൊലപാതകത്തിന് ആഴ്ചകള്‍ക്ക് മുന്‍പ് അഖിലയുടെ അമ്മ ചൈല്‍ഡ്‌ലൈന്‍ അധികൃതരെ വിളിച്ച്‌ കുഞ്ഞിനെ രക്ഷിക്കാന്‍ സഹായം തേടിയിരുന്നു. ഇതിന്റെ ശബ്ദ സന്ദേശം പുറത്തുവന്നു. എന്നാല്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ഭാഗത്തുനിന്ന് യാതൊരു ഇടപെടലും ഉണ്ടായില്ല.

റീനയ്ക്ക് മറ്റെന്തോ പ്രശ്‌നമാണ് എന്നാണ് ചൈല്‍ഡ് ലൈന്‍ ഹെല്‍പ് ലൈനില്‍ നിന്ന് ലഭിച്ച മറുപടി. ഇതോടെ സംഭവത്തില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന് വീഴ്ചയുണ്ടായെന്ന് വ്യക്തമായി.

പുറത്തുവന്ന ഫോണ്‍ സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അടിയന്തരമായി ഇടപെട്ടു. കുഞ്ഞിന്റെ കയ്യൊടിഞ്ഞ വിവരം അറിയിച്ചിട്ടും പരിശോധനയോ, തുടര്‍നടപടികളോ സ്വീകരിക്കാത്ത ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ ടെലിഫോണ്‍ ഓപ്പറേറ്ററായ താത്കാലിക ജീവനക്കാരനെ പുറത്താക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.