സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വിലയിൽ വലിയ വർധനവ്

സംസ്ഥാനത്തെ ചിക്കന്‍ വില കുതിച്ചുയരുകയാണ്. വലിയ തോതിലുള്ള വർധനവാണ് കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ ചിക്കന്‍ വിലയിലുണ്ടായിരിക്കുന്നത്. ഇക്കാലയളിവില്‍ കോഴിയിറച്ചി വില 70 മുതല്‍ 100 രൂപവരെ ഉയർന്നു. ക്രിസ്മസിന് ഒരു കിലോ കോഴി ഇറച്ചിയുടെ വില 165 രൂപയായിരുന്നു. എന്നാല്‍ ഇന്ന് വിപണിയില്‍ ഇറച്ചിയുടെ വില 270-290 രൂപവരെയായി ഉയർന്നു. ക്രിസ്മസ്-പുതവത്സ സീസണില്‍ കോഴിയിറച്ചിയുടെ വില കൂടുന്നത് പതിവാണെങ്കിലും ഇത്രയധികം വർധനവ് ആദ്യമായിട്ടാണ്.

ഇറച്ചിക്കോഴിയുടെ വിലയിലും സമാനമായ വർധനവാണ് കാണാന്‍ സാധിക്കുന്നത്. 120-130 രൂപ നിരക്കിലുണ്ടായിരുന്ന വില 180 കടന്നും മുന്നേറുകയാണ്. ചിക്കന്‍ വിലയിലെ വർധനവ് തട്ടുകട-ഹോട്ടല്‍ മേഖലയിലും വില കൂടുന്നതിന് കാരണമായേക്കാം. വന്‍കിട ഫാമുടമകള്‍ വിപണിയില്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില വർദ്ധിപ്പിക്കുകയാണെന്നാണ് വ്യാപാരികള്‍ ആരോപിക്കുന്നത്. സീസണില്‍ വില്‍പ്പനയിലും വലിയ രീതിയിലുള്ള കുതിച്ചുച്ചാട്ടം ഉണ്ടായിട്ടുണ്ട്. പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് ചില ഭാഗങ്ങളില്‍ നിയന്ത്രണം ഉണ്ടായിരുന്നെങ്കിലും അതൊന്നും മൊത്തത്തിലുള്ള വില്‍പ്പനയെ ബാധിച്ചില്ല. പുതുവത്സര തലേന്ന് മാത്രം ജില്ലയിൽ 2.1 ലക്ഷം കിലോ കോഴിയിറച്ചി വിൽപന നടന്നുവെന്നാണ് കണക്ക്.