കാസര്‍ഗോഡ് ഐഎസ് കേസുമായി ബന്ധപ്പെട്ടു ചാവേര്‍ അക്രമണം നടത്താന്‍ പദ്ധതിയെ തുടർന്ന് , പ്രതി റിയാസ് അബൂബക്കറിന് 10 വർഷം കഠിനതടവ്

കൊച്ചി : ചാവേര്‍ ആക്രമണ പദ്ധതിയെ തുടർന്ന് റിയാസ് അബൂബക്കറിന് 10 വര്‍ഷം കഠിനതടവ് ലഭിച്ചു. എൻഐഎ കോടതിയുടേതാണ് ഉത്തരവ്. ശിക്ഷ കൂടാതെ 1,25,000 രൂപ പിഴയുമടയ്ക്കണം.

കേരളത്തില്‍ അശാന്തിയും കലാപവും സൃഷ്ടിക്കുക എന്നതായിരുന്നു പ്രതിയുടെ പരമമായ ലക്ഷ്യമെന്നും സമൂഹത്തെതന്നെ നശിപ്പിക്കാനാണ് ശ്രമിച്ചതെന്നും പരമാവധി ശിക്ഷ നല്കണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്. റിയാസിനെതിരേ എൻഐഎ ചുമത്തിയ എല്ലാ കുറ്റങ്ങളും കോടതി മുമ്ബാകെ തെളിഞ്ഞതോടെയാണ് പരമാവധി ശിക്ഷ വിധിച്ചത്.

പ്രതി കുറ്റക്കാരനെന്ന് ബുധനാഴ്ച കോടതി കണ്ടെത്തിയിരുന്നു. പ്രതിക്കെതിരേ ചുമത്തിയ യുഎപിഎ 38,39, ഐപിസി 120 ബി വകുപ്പുകളെല്ലാം തെളിഞ്ഞതായും കോടതി വിധിച്ചു. കാസര്‍ഗോഡ് ഐഎസ് റിക്രൂട്ട്‌മെന്‍റ് കേസുമായി ചാവേര്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ട കേസിന് ബന്ധമുണ്ട്. അതിനാല്‍ റിക്രൂട്ട്‌മെന്‍റ് കേസിന്‍റെ അനുബന്ധ കുറ്റപത്രമായാണ് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചത്.

പാലക്കാട് കൊല്ലങ്കോട് സ്വദേശി റിയാസ് അബൂബക്കര്‍ മാത്രമാണ് കേസിലെ പ്രതി. 2018 മേയ് 15നാണ് എന്‍ഐഎ റിയാസ് അബൂബക്കറിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇപ്പോള്‍ത്തന്നെ അഞ്ചുവർഷത്തെ തടവുശിക്ഷ അനുഭവിച്ചുകഴിഞ്ഞു.

ശ്രീലങ്കന്‍ സ്‌ഫോടനപരമ്ബരയുടെ ആസൂത്രകനുമായി ചേര്‍ന്ന് കേരളത്തിലും ആക്രമണം ആസൂത്രണം ചെയ്‌തെന്നും ഇതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ സമൂഹമാധ്യമങ്ങള്‍ വഴി ശ്രമം നടത്തിയെന്നുമാണ് എന്‍ഐഎ കണ്ടെത്തല്‍. ഇതിന് പുറമേ ഇയാള്‍ സ്വയം ചാവേറാകാൻ പദ്ധതിയിട്ടിരുന്നുവെന്നും എൻഐഎ കണ്ടെത്തി.

 

കേസില്‍ റിയാസിന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകളും, വീട്ടില്‍ നിന്ന് റെയ്ഡിനിടെ പിടികൂടിയ ഇലക്‌ട്രോണിക്സ് ഉപകരണങ്ങളും തെളിവായി ഹാജരാക്കിയിരുന്നു. ഇതെല്ലാം പരിശോധിച്ച ശേഷമാണ് കോടതി വിധിപറഞ്ഞത്. കേസില്‍ റിയാസ് ഉള്‍പ്പെടെ മൂന്നു പ്രതികളാണുണ്ടായിരുന്നത്. മറ്റു രണ്ടുപേരെയും എന്‍ഐഎ മാപ്പുസാക്ഷികളാക്കിയാണ് വിചാരണ നടത്തിയത്.