കോട്ടയം: ഇന്നത്തെ കേന്ദ്ര ബഡ്ജറ്റില്‍ കോട്ടയത്തിനും നിറയെ പ്രതീക്ഷകളാണ്.
വിലയിടിയുന്ന റബറിനുള്ള കൈത്താങ്ങ്, റെയില്‍ – റോഡ് വികസനം, കൃഷി, വിനോദ സഞ്ചാരം, വിദ്യാഭ്യാസ, തൊഴില്‍ മേഖലകള്‍ എന്നിവയ്ക്കെല്ലാം കേന്ദ്രം കൈത്താങ്ങാകുമോ എന്നാണ് ഉറ്റുനോക്കുന്നത്.
മുൻ ബഡ്ജറ്റുകളില് ജില്ലയ്ക്ക് അവഗണന മാത്രമായിരുന്നു.
കിതയ്ക്കുന്ന റബർ വിപണിയെ ഉത്തേജിപ്പിക്കാൻ എന്തുണ്ടാകുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഉത്പാദന ചെലവിന് ആനുപാതികമായി 250 രൂപ വരെ താങ്ങുവില ബഡ്ജറ്റില്‍ പ്രതീക്ഷിക്കുന്നു.
ഇറക്കുമതി കുറയ്ക്കുകയും, മൂല്യവർദ്ധിത ഉത്പന്നങ്ങള്‍ക്കായി പ്രത്യേക പദ്ധതികള്‍ ആരംഭിക്കുകയും ചെയ്താല്‍ പ്രതിസന്ധി ഒരു പരിധിവരെ പരിഹരിക്കാം. എരുമേലി വിമാനത്താവളം സ്ഥലമെടുപ്പ് നടപടികളും പരിസ്ഥിതി സാമൂഹ്യാഘാത പഠനവും പൂർത്തിയായി വ്യോമമന്ത്രാലയത്തിന്റെ അനുകൂല നിലപാട് പ്രതീക്ഷിക്കുകയാണ്. ജില്ലയില്‍ നിന്നുള്ള ജോർജ് കുര്യൻ കേന്ദ്രമന്ത്രിസഭയിലുള്ള സാഹചര്യത്തില്‍ പ്രതീക്ഷകള്‍ വാനോളമാണ്.
കോട്ടയത്തെ റെയില്‍വേ വികസനത്തിന് ചിറകേകുന്ന പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. ശബരിപാത വികസനത്തിന് കഴിഞ്ഞ ബഡ്ജറ്റില്‍ 100 കോടി ടോക്കണ്‍ തുക അനുവദിച്ചെങ്കിലും നടപടികളൊന്നും ആയില്ല.
ഇടുക്കി , കോട്ടയം ജില്ലകളിലെ ടൂറിസം വികസനത്തിന് സഹായകമാകുന്ന പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് 3610 കോടിയാണ്. ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന കേന്ദ്ര നിബന്ധനയില്‍ തട്ടി പദ്ധതി സ്തംഭിച്ച് നില്‍ക്കുകയാണ്.
