ഇടുക്കിയിൽ കാറ്ററിംഗ് യൂണിറ്റില്‍ പാചകത്തിനിടെ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്നു; നാല് പേര്‍ക്ക് പൊള്ളലേറ്റു

ഇടുക്കി: കാറ്ററിംഗ് സ്ഥാപനത്തിൻ്റെ പാചകത്തിനിടെ ഗ്യാസ് സിലിണ്ടറില്‍ നിന്നും തീ പടര്‍ന്ന് നാല് പേര്‍ക്ക് പൊള്ളലേറ്റു.

തോക്കുപാറ സ്വദേശികളായ ജോയി, ജോമോന്‍, അഖില, അന്നമ്മ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. തോക്കുപാറ സൗഹൃദഗിരിയില്‍ പ്രവര്‍ത്തിക്കുന്ന കാറ്ററിംഗ് യൂണിറ്റില്‍ പാചകത്തിനിടെ ഗ്യാസ് കുറ്റിയില്‍ തീ പടര്‍ന്നാണ് പൊള്ളലേറ്റത്.

പാചകത്തിനിടെ ഗ്യാസ് സിലിണ്ടറില്‍ തീ പിടിക്കുകയും തുടർന്ന് ആളിപ്പടരുകയുമായിരുന്നു. സമീപത്ത് ഉണ്ടായിരുന്നവര്‍ ഉടന്‍ തീ അണച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി.

സംഭവസ്ഥലത്ത് ഉണ്ടായിരുന്ന നാല് പേരുടെയും ശരീരത്തില്‍ പൊള്ളലേറ്റു. പരിക്കേറ്റ നാല് പേരെയും ഉടന്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച്‌ ചികിത്സ ലഭ്യമാക്കി. ആരുടെയും പൊള്ളല്‍ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.