നടൻ ദിലീപിന്റെ സ്വകാര്യ വസതിയിൽ ഡ്രോൺ പറത്തി; മാധ്യമങ്ങൾക്കെതിരെ പരാതിയുമായി സഹോദരി

മാധ്യമപ്രവർത്തകർക്കും വാർത്താ ചാനലുകൾക്കുമെതിരെ പരാതിയുമായി നടൻ ദിലീപിന്റെ സഹോദരി എസ് ജയലക്ഷ്മി. നടൻ ദിലീപിന്റെ സ്വകാര്യ വസതിയിൽ ഡ്രോൺ പറത്തി നിയമവിരുദ്ധമായി നിരീക്ഷണം നടത്തുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത സംഭവത്തിലാണ് പരാതി നൽകിയിരിക്കുന്നത്. ദിലീപിന്റെ സഹോദരി എസ് ജയലക്ഷ്മി ആണ് ആലുവ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് പരാതി നൽകിയത്. റിപ്പോർട്ടർ ടിവി, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകൾക്കും മേധാവികൾക്കുമെതിരെ നിയമനടപടി വേണമെന്നാണ് ആവശ്യം.

നടിയെ ആക്രമിച്ച കേസിന്റെ വിധി പറയുന്ന ദിവസം നടന്റെ വസതിയിലേക്ക് ഡ്രോൺ പറത്തി മാധ്യമങ്ങൾ ദൃശ്യങ്ങൾ ചിത്രീകരിച്ചിരുന്നു. ഈ സംഭവത്തിലാണ് ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. ആലുവയിലെ ‘പത്മസരോവരം’ എന്ന വസതിയിൽ അതിക്രമിച്ചു കയറി ഡ്രോൺ ഉപയോഗിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ഉൾപ്പെടെയുള്ള സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു എന്നതാണ് പരാതി. അന്നേദിവസം ദിലീപ് വീടുവിട്ട് കോടതിയിലേക്ക് പോകുന്നതും തിരികെ വീട്ടിലേക്കേ് വരുന്നതുമായ ദൃശ്യങ്ങൾ മാധ്യമങ്ങൾ ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ച് സംപ്രേഷണം ചെയ്തിരുന്നു.