റോഡരികിൽ നിന്ന് ഫോണിൽ സംസാരിക്കുകയായിരുന്ന യുവാവിനെ കാർ ഇടിച്ചു തെറിപ്പിച്ചു; യുവാവിന് ദാരുണാന്ത്യം

എംസി റോഡിൽ വാഹനാപകടത്തിൽ യുവാവിന് ജീവൻ നഷ്ടമായി. വേറ്റിനാട് ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട കാറിടിച്ചാണ് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചത്. ഇടുക്കി സ്വദേശിയും ഫോട്ടോഗ്രാഫറുമായ 48കാരനായ ജൂബിക്കാണ് ജീവൻ നഷ്ടമായത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരം കവടിയാറിൽ വീഡിയോഗ്രാഫറായി ജോലി നോക്കി വരികയായിരുന്നു ജൂബി. ഒപ്പം വേറ്റിനാട് ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷകൻ കൂടിയായിരുന്നു ഇദ്ദേഹം. സംഭവ ദിവസം രാത്രി ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷകൾ പൂർത്തിയാക്കി മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വട്ടപ്പാറ ഭാഗത്തു നിന്നും വെമ്പായത്തേക്ക് വന്ന കാർ നിയന്ത്രണം വിട്ട് റോഡിന്‍റെ എതിർ വശത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. ഈ സമയം റോഡരികിൽ സ്കൂട്ടർ നിർത്തി ഫോണിൽ സംസാരിക്കുകയായിരുന്ന ജൂബിയെ കാർ ഇടിച്ചു തെറിപ്പിച്ചു. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാർ ജൂബിയെ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു.