ക്രിസ്തുമസ്-പുതുവത്സര സീസണില്‍ കര്‍ണ്ണാടകയില്‍ നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യ ബസുകളുടെ ടിക്കറ്റ് കൊള്ള തടയാൻ ഇടപെടലുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.

 

തിരുവനന്തപുരം: കര്‍ണ്ണാടക ആര്‍ടിസി ഈ സീസണില്‍ അധികമായി 59 സര്‍വീസുകള്‍ നടത്താൻ ധാരണയായി. ഉത്സവ സീസണിലെ യാത്രക്കാരുടെ തിരക്ക് മുതലെടുത്ത് ടിക്കറ്റ് നിരക്കില്‍ അഞ്ച് മുതല്‍ ആറിരട്ടിവരെ തുകയാണ് സ്വകാര്യ ബസുകള്‍ ഈടാക്കുന്നത്. ഉത്സവകാലം സ്വകാര്യ ബസുകള്‍ക്ക് ചാകരയാണ്. അതിന് തിരിച്ചടിയാണ് കെസി വേണുഗോപാലിന്റെ ഇടപെടലിലുടെയുള്ള കര്‍ണ്ണാടക ആര്‍ടിസിയുടെ നടപടി.

വിദ്യാര്‍ത്ഥികളും ഐടി ഉള്‍പ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ജോലിക്കും മറ്റും എത്തിയ പതിനായിരക്കണക്കിന് മലയാളികള്‍ക്ക് ആശ്വാസമാണ് ഈ ബസ് സര്‍വീസുകള്‍.ഉത്സവകാലത്തെ യാത്രദുരിതം മലയാളി സംഘടനകള്‍ കെസി വേണുഗോപാലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

കെസി വേണുഗോപാല്‍ കര്‍ണ്ണാടക ഗതാഗതമന്ത്രി രാമലിംഗ റെഡ്ഢിയുമായി സംസാരിച്ചതിനെ തുടര്‍ന്നാണ് ക്രിസ്തുമസ്-പുതുവത്സര തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് 59 സര്‍വീസുകള്‍ കൂടി അധികമായി നടത്താൻ ഉത്തരവായത്.22, 23, 24 തീയതികളിലായി ബസ് സര്‍വീസ് ആരംഭിക്കും.

എറണാകുളത്തിന് 18 ഉം തൃശൂരിന് 17 ഉം ബസുകള്‍ അധികം അനുവദിച്ചു. കോഴിക്കോടിനും പാലക്കാടിനും ആറ് വീതവും, കണ്ണൂരിന് അഞ്ച്, കോട്ടയത്തിന് മൂന്ന്, ആലപ്പുഴയ്ക്ക് രണ്ട്, മൂന്നാറിലേക്കും പമ്ബയിലേക്കും ഒന്നുവീതവും ബസുകള്‍ അധികമായി കര്‍ണ്ണാടക ആര്‍ടിസി സര്‍വീസ് നടത്തും. മള്‍ട്ടി ആക്‌സില്‍ വോള്‍വോ,എസി സ്ലീപ്പര്‍ തുടങ്ങിയ ബസുകളാണ് ഈ റൂട്ടുകളില്‍ സര്‍വീസ് നടത്തുക.