ഡ്രൈവിംഗ് ടെസ്റ്റിനിടെ ബസ് പൂര്‍ണമായും കത്തിനശിച്ചു; ഓടിച്ചിരുന്ന യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആലപ്പുഴ: ഹെവി ഡ്രൈവിംഗ് ടെസ്റ്റിനിടെ പരീക്ഷാർത്ഥി ഓടിച്ച്‌ ബസിന് തീപിടിച്ചു.

ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിലായിരുന്നു സംഭവം. മോട്ടോർ വാഹന വകുപ്പിന്റെയും ഫയർഫോഴ്സിന്റെയും സമയോജിതമായ ഇടപെടലില്‍ വൻ ദുരന്തം ഒഴിവായി.

പാതിരപ്പള്ളി എ ടു ഇസഡ് എന്ന ഡ്രൈവിംഗ് സ്‌കൂളിന്റെ ബസിനാണ് തീപിടിച്ചത്. ആദ്യമായി ഹെവിടെസ്റ്റിന് കൊണ്ടുവന്ന ബസായിരുന്നു കത്തിനശിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 12.10 ഓടെയായിരുന്നു അപകടം. ഓമനപ്പുഴ തട്ടാംതൈയ്യില്‍ ജിനീഷ്(27) എന്ന യുവാവായിരുന്നു സംഭവം നടക്കുമ്പോള്‍ ബസിലുണ്ടായിരുന്നത്. ഹെവിലൈസൻസിനായി ഗ്രൗണ്ട് ടെസ്റ്റില്‍ ‘ടി’ എടുത്ത് അവസാനഘട്ടത്തില്‍ എത്തിയപ്പോള്‍ എൻജിൻഭാഗത്തുനിന്ന് പൊട്ടിത്തെറി ശബ്ദം കേള്‍ക്കുകയായിരുന്നു. എൻജിൻ ഭാഗത്തുനിന്ന് പുകയും തീയും ഉയരുന്നത് കണ്ട് വാഹനത്തിന് പുറത്ത് ഗ്രൗണ്ട് ടെസ്റ്റ് നിരീക്ഷിച്ചു കണ്ടിരുന്ന മോട്ടോർ വെഹിക്കിള്‍ ഇൻസ്‌പെക്ടർ കെ.ആർ.തമ്പി യുവാവിനോട് പുറത്തേയ്ക്ക് ഇറങ്ങാൻ വിളിച്ചുപറയുകയായിരുന്നു.

ഈ സമയം ഗ്രൗണ്ടിലുണ്ടായിരുന്ന ഡ്രൈവിംഗ് സ്കൂള്‍ ഉടമ മിലൻ ഓടിയെത്തി സ്വിച്ച്‌ ഓഫാക്കിയതിനാല്‍ തീ ഡീസല്‍ടാങ്കിലേക്ക് പടരുന്നത് തടയാനായി.