അശ്രദ്ധയോടെ ബസ് ഓടിച്ച്‌ അപകടമുണ്ടാക്കി; കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്ക് ഒരു വര്‍ഷം നല്ല നടപ്പ്

സ്വന്തം ലേഖിക

മലപ്പുറം: അശ്രദ്ധയോടെ ബസോടിച്ച്‌ അപകടം വരുത്തിയ കെഎസ്‌ആര്‍ടിസി ഡ്രൈവറിനു ഒരു വര്‍ഷത്തെ നല്ലനടപ്പിന് ഉത്തരവിട്ടു.

നിര്‍ബന്ധിത പരിശീലനത്തിലും പങ്കെടുക്കണം. ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി. ബസും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

2013 നവംബറില്‍ പുലര്‍ച്ചെ നാലിന് ദേശീയപാതയില്‍ പെരിന്തല്‍മണ്ണയ്‌ക്കും മലപ്പുറത്തിനും ഇടയിലെ പുണര്‍പ്പ എസ് വളവിലാണ് സംഭവം.
പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) ടി.കെ. യഹിയയാണ് ഡ്രൈവറായ കോഴിക്കോട് കൊയിലാണ്ടി സ്വദേശി മാതോത്ത് സുനിലിനെ (45) ജയിലില്‍ അയക്കാതെ ജില്ലാ പ്രൊബേഷൻ ഓഫീസറുടെ മേല്‍നോട്ടത്തില്‍ നല്ലനടപ്പിനു ശിക്ഷിച്ചത്.

അപകടത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റിരുന്നു. ട്രക്ക് ഡ്രൈവറെയും യാത്രക്കാരെയും കോടതി വിസ്തരിച്ചു. ബസ്സിലുണ്ടായിരുന്ന യാത്രക്കാരി ഡ്രൈവിങ് രീതി കണ്ട് ശ്രദ്ധയോടെ വാഹനം ഓടിക്കാൻ ഡ്രൈവറോട് ആവശ്യപ്പെട്ടിരുന്നു.

ഇവരടക്കം തെളിവുകള്‍ നല്‍കി. തുടര്‍ന്നാണ് ഡ്രൈവര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.