രാവിലെ പതിവായി ദോശയാണോ?: ദോശ മാറ്റി വെറൈറ്റി ആക്കിയാലോ?; പതിവില്‍ നിന്ന് വ്യത്യസ്തമായി പുതിയ രുചിയുള്ള സ്നാക്ക് തയ്യാറാക്കാം

ബേക്ക്ഫാസ്റ്റില്‍ പതിവ് ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുട്ടികള്‍ക്ക് വിരസമായി തോന്നാം. അതിനാല്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി ഒരു ചെറിയ മാറ്റം കൊണ്ടുവരാൻ ഈ പുതിയ രുചിയുള്ള സ്നാക്ക് നല്ലതായിരിക്കും.

 

ഒരു തവണ കഴിച്ചാല്‍ ഇത് വീണ്ടും കഴിക്കാൻ കൊതിയാകും.

 

ചേരുവകള്‍

 

ദോശ മാവ് – 2 കപ്പ്

 

ഉള്ളി (നന്നായി അരിഞ്ഞത്) – 1 വലുത്

 

ഉരുളക്കിഴങ്ങ് (വെച്ച്‌ ഉടച്ചത്) – 2 വലുത്

 

പച്ചമുളക് (അരിഞ്ഞത്) – 2 (എരിവ് അനുസരിച്ച്‌)

 

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍

 

കടുക് – 1/2 ടീസ്പൂണ്‍

 

ജീരകം – 1/2 ടീസ്പൂണ്‍

 

മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍

 

ഗരം മസാല – 1/2 ടീസ്പൂണ്‍

 

മല്ലിയില (അരിഞ്ഞത്) – അല്പം

 

എണ്ണ – ആവശ്യത്തിന്

 

ഉപ്പ് – ആവശ്യത്തിന്

 

തയ്യാറാക്കുന്ന വിധം

 

പാൻ അടുപ്പില്‍ വച്ച്‌ ചൂടാക്കുക. എണ്ണ ഒഴിച്ച്‌ തിളപ്പിക്കുക. തീ കുറച്ച്‌ കടുക്, ജീരകം എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് ഉള്ളി, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക. ഉള്ളിയുടെ നിറം മാറിയതിനു ശേഷം ഉരുളക്കിഴങ്ങും ഉപ്പും ചേർത്ത് വേവിക്കുക. മസാലയും മല്ലിയിലയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. തണുപ്പിക്കാൻ മാറ്റി വയ്ക്കുക. ഉണ്ണിയപ്പ ചട്ടി അടുപ്പില്‍ വച്ച്‌, നെയ്യോ വെളിച്ചെണ്ണ പുരട്ടി ചൂടാക്കി, അതിലേക്ക് അല്പം മാവ് ഒഴിക്കുക. മസാലയെ മാവിനു മുകളില്‍ വിതറി, കുറച്ച്‌ മാവ് കൂടി പുരട്ടി ഒരു വശം വേവിക്കുക. വെന്ത വശം മറിച്ച്‌ ഇരു വശവും ചൂടോടെ വേവിച്ച്‌ തയ്യാറാക്കുക.

പുതിയ രുചിയുള്ള ഈ സ്നാക്ക്, പതിവ് ബ്രേക്ക്‌ഫാസ്റ്റിന് ഒരു രസകരമായ മാറ്റം നല്‍കുന്നു. മസാലയും ഉരുളക്കിഴങ്ങും ചേർന്നത് കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടാവുന്ന രുചിയുള്ളതാണ്.