മധ്യപ്രദേശിനെ ഞെട്ടിച്ച് നീല പ്ലാസ്റ്റിക് ഡ്രമ്മിൽ 11കാരന്റെ മൃതദേഹം. മധ്യപ്രദേശിലെ സത്നയിലാണ് സംഭവം. സത്നയിലെ ബാങ്ക് കോളനിയിലെ വാടക വീട്ടിനുള്ളിൽ നിന്നാണ് 11കാരന്റെ മൃതദേഹം കണ്ടെത്തിയത്. ഈ വീട്ടിൽ 11കാരന്റെ കുടുംബം വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. സംഭവത്തിൽ അയൽവാസിയായ ഒരു അലക്കുകാരനാണ് പ്രതിയെന്നാണ് സംശയം. ഇയാൾ നിലവിൽ ഒളിവിലാണ്. ബാങ്ക് കോളനിയിലെ വീട്ടിൽ കുട്ടി തനിച്ചായിരുന്ന സമയത്താണ് സംഭവം നടന്നത്. ഉച്ചയോടെ അമ്മ വീട്ടിൽ തിരിച്ചെത്തിയപ്പോൾ വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പരിസരത്തെല്ലാം അന്വേഷിച്ചിട്ടും മകനെ കാണാതായതോടെ അവർ അയൽക്കാരെയും പൊലീസിനെയും വിവരമറിയിച്ചു. പൊലീസ് എത്തി വാതിൽ തകർത്ത് അകത്തുകടന്നപ്പോൾ മുറിയിൽ രക്തക്കറകൾ കണ്ടു. തുടർന്നുള്ള പരിശോധനയിലാണ് ഡ്രമ്മിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ ഇവരുടെ അയൽക്കാരനും 45 വയസുകാരനുമായ അലക്കുകാരനെയാണ് പൊലീസ് സംശയിക്കുന്നത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ കടന്നുകളഞ്ഞതായാണ് പൊലീസ് സംശയിക്കുന്നത്. ഇയാളുടെ കടയും അടച്ചിട്ട നിലയിലാണ്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഇയാളുടെ മൊബൈൽ ഫോണും സ്വിച്ച് ഓഫ് ആണ്.
