അതിരാവിലെ നടക്കാൻ പോകുന്നത് ശരീരത്തിന് ഗുണകരമാണ് . കൊളസ്‌ട്രോൾ ,സ്ട്രെസ് എന്നിവ നിയന്ത്രിക്കാൻ ,മെറ്റബോളിസം വർദ്ധിപ്പികാൻ , പേശികളുടെ ബലം കൂട്ടാൻ ഒക്കെ നടത്താൻ ശീലമാക്കുന്നത് വളരെ നല്ലതാണ്.
രണ്ടു തരം ആളുകളാണ് ഈ വ്യായാമ വിഭാഗത്തിൽ ഉൾപ്പെടുന്നത് ഒന്ന് ഭക്ഷണത്തിന് ശേഷം നടക്കാൻ പോകുന്നവർ മറ്റൊന്ന് അതിന് മുൻപ് പോകുന്നവർ. ഇതിൽ ഏത് നടത്തമാണ് ശരീരത്തിന് ഗുണകരമെന്ന് പലപ്പോഴും ആളുകളിൽ നിലനിൽക്കുന്ന സംശയം ആണ്. എന്നാൽ രണ്ട് തരത്തിലുള്ള നടത്തവും ശരീരത്തിന് നല്ലതാണെന്നാണ് വിദഗ്‌ധർ പറയുന്നത്.
ഭക്ഷണത്തിന് മുൻപുള്ള നടത്തം ;
ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ വെറും വയറ്റിൽ വ്യായാമം ചെയ്യുന്നതാണ് നല്ലത്.ഇത് ഫാസ്റ്റിംഗ് കാർഡിയോ എന്ന് അറിയപ്പെടുന്നു. ഭക്ഷണത്തിന് മുൻപ് നടക്കാൻ പോകുമ്പോൾ ശരീരത്തിൽ അടിഞ്ഞ് കൂടിയിരിക്കുന്ന കൊഴുപ്പ് ബേൺ ചെയ്യുകയും ,ശരീര ഭാരം കുറയാനും കാരണമാകും. വ്യായാമം ചെയ്യുമ്പോൾ പേശികള്‍ രക്തത്തില്‍ നിന്ന് പഞ്ചസാര വലിച്ചെടുക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമ്പോള്‍, കരള്‍ ഗ്ലൈക്കോജനെ ഗ്ലൂക്കോസാക്കി വിഘടിപ്പിച്ച് പേശികളെ ശക്തിപ്പെടുത്തുന്നു. ഉറക്കത്തില്‍ പോലും കരള്‍ രക്തത്തിലേക്ക് ഗ്ലൂക്കോസ് എത്തിക്കും.രാവിലെ ശരീരത്തിലെ ഗ്ലൈക്കോജന്‍ സംഭരണം കുറവായിരിക്കും. അതിനാല്‍, വെറും വയറ്റിൽ വ്യായാമം ചെയ്യുന്നത് ശരീരത്തിലെ കൊഴുപ്പ് കുറച്ച് ഊർജം നൽകുന്നു എന്ന് ഗുരുഗ്രാമിലെ സികെ ബിര്‍ള ആശുപത്രിയിലെ ഇന്റര്‍ണല്‍ മെഡിസിന്‍ കണ്‍സള്‍ട്ടന്റ് ഡോ. തുഷാര്‍ തയാല്‍ പറയുന്നു. അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട കാര്യമാണ് നടത്തത്തിന് ശേഷമുള്ള ഭക്ഷണം ,വ്യായാമം കഴിഞ്ഞ് വരുമ്പോൾ കാർബോഹൈഡ്രേറ്റ് അടങ്ങിയതോ അല്ലെങ്കിൽ അമിതമായ രീതിയിൽ ഭക്ഷണം കഴിക്കുന്നതോ നടത്തത്തിന്റെ ഗുണം നഷ്ടപ്പെടുത്തും.
ഭക്ഷണത്തിനു ശേഷമുള്ള നടത്തം ;
ഭക്ഷണത്തിനു ശേഷമുള്ള നടത്തിനും അതിന്റേതായ ഗുണങ്ങൾ ഏറെയാണ് . ഇങ്ങനെ നടക്കുന്നതിലൂടെ നിങ്ങൾ കഴിച്ച ഭക്ഷണത്തിൽ നിന്നുള്ള ഗ്ലൂക്കോസാണ് ശരീരം ഊർജ്ജമായി ഉപയോഗിക്കുന്നത്.
ശരീരത്തിന് ലഭിക്കുന്ന ഈ ഊർജം മെച്ചപ്പെട്ട ആരോഗ്യം നൽകുകയും ഇതിന്റെ ഫലമായി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സാധിക്കും, ഇത് പ്രമേഹരോഗികൾക്ക് ഏറെ നല്ലതാണ്. കൊളസ്‌ട്രോൾ കുറയ്ക്കാൻ ഇത് അധികം പ്രയോജനം ചെയ്യുന്നില്ലെങ്കിലും,ഭക്ഷണത്തിനുശേഷം 10-15 മിനിറ്റ് നടക്കുന്നത് ദഹനം മെച്ചപ്പെടുതുന്നതിനും , കുടവയർ തടയുന്നതിനും സഹായിക്കും.
ദിവസം 30 മുതൽ 60 മിനിറ്റ് വരെ നടക്കുന്നത് നല്ലതാണെന്നും, നടത്തിലൂടെ മാത്രം ആരോഗ്യം സംരക്ഷിക്കാം കഴിയില്ലെന്നും അതിനായി
ചിട്ടയായ ജീവിതശൈലി കൂടെ പിന്തുടരേണ്ടത് ആവശ്യമാണെന്നും ഡോ. തുഷാര്‍ തയാല്‍ അഭിപ്രായപ്പെട്ടു. കൂടാതെ കൊഴുപ്പ് കുറയാനും കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നതിനും വെറും വയറ്റിലുള്ള നടത്തം തിരഞ്ഞെടുക്കുന്നത് തന്നെയാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
