ബംഗ്ലാദേശ് വനം വകുപ്പിന്‍റെ പുതിയ യൂണിഫോം എന്ന അവകാശവാദത്തോടെ എക്സില്‍ പങ്കുവയ്ക്കപ്പെട്ട ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിലെ പരിഹാസത്തിന് കാരണം. മൃഗങ്ങളുടെ തൊലിയുടെ നിറങ്ങള്‍ പ്രിന്‍റ് ചെയ്ത യൂണിഫോമായിരുന്നു അത്. പാന്‍റിന് പാമ്പിന്‍റെ തോലിയുടെ നിറങ്ങളും ഷർട്ടിന് കടുവയുടെ നിറങ്ങളുടെ പാന്‍റേണുമാണ് പ്രിന്‍റ് ചെയ്തിരുന്നത്.
‘ടൈഗേക്ക്’ എന്ന് നെറ്റിസെണ്‍സ്
അസാധാരണമായ നിറങ്ങള്‍ പ്രിന്‍റ് ചെയ്ത വസ്ത്രം ധരിച്ച രണ്ടുപേർ ഒരു കെട്ടിടത്തിനുള്ളില്‍ നില്‍ക്കുന്നതായിരുന്നു ചിത്രം. ചിത്രം പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി. ഒറ്റ ദിവസം കൊണ്ട് ചിത്രം 70 ലക്ഷത്തിലേറെ പേർ ചിത്രം കണ്ടുകഴിഞ്ഞു. ഏതാണ്ട് 12,000 -ത്തോളം പേരാണ് ചിത്രം വീണ്ടും പങ്കുവച്ചത്. ആയിരക്കണക്കിനാളുകള്‍ ചിത്രത്തിന് താഴെ കുറിപ്പുകളെഴുതാനെത്തി. പിന്നാലെ നിരവധി മീമുകളും ഇതുസംബന്ധിച്ച് പങ്കുവയ്ക്കപ്പെട്ടു. അസാധാരണ അവകാശവാദത്തോടെ പങ്കുവയ്ക്കപ്പെട്ട ചിത്രം കാഴ്ചക്കാരില്‍ ജിജ്ഞാസയും ആശയക്കുഴപ്പവും ഉണ്ടാക്കി. നിരവധി പേരാണ് ഇത് യഥാർത്ഥ യൂണിഫോം ആണോയെന്ന സംശയം ഉയർത്തിയത്. പലരും അതൊരു തമാശ ചിത്രമാണെന്ന് കുറിച്ചു. മറ്റ് ചിലർ യൂണിഫോമിനെ ‘ടൈഗേക്ക്’ (ടൈഗർ+സ്നേക്ക്) എന്നായിരുന്നു വിശേഷിപ്പിച്ചത്.
