അയർക്കുന്നം: യാത്രക്കാരുടെ നടുവൊടിക്കുന്ന ഗർത്തം രൂപപ്പെട്ടിട്ടു മാസങ്ങൾ പലതു കഴിഞ്ഞെങ്കിലും നടപടികൾ ഒന്നുമില്ല. അയർക്കുന്നം ബസ് സ്റ്റാൻഡിലെ പ്രവേശന കവാടത്തിലെ ഹംപിനോടു ചേർന്ന് മധ്യഭാഗത്തായാണു വലിയ ഗർത്തം രൂപപ്പെട്ടിരിക്കുന്നത്.
ഇതോടെ വാഹനം സ്റ്റാൻഡിലേക്ക് കയറുമ്പോൾ കുഴിയിൽ ചാടി യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഉയരത്തിലുള്ള ഹംപ് കടന്ന് സ്റ്റാൻഡിലേക്ക് കയറുമ്പോൾ ഗർത്തം രൂപപ്പെട്ടിരിക്കുന്ന ഇടത്ത് ബസിന്റെ താഴ്ഭാഗം തട്ടുന്നതാണ് പ്രതിസന്ധിക്ക് കാരണം.
മുൻപ് പലതവണ ഈ ഭാഗം നന്നാക്കിയെങ്കിലും വീണ്ടും ഗർത്തം രൂപപ്പെടുന്ന സ്ഥിതി ആയതിനാൽ അധികൃതർ കണ്ടഭാവം നടിക്കുന്നില്ല.
ഹംപിന്റെ ഉയരം കുറച്ചാൽ പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്നും യാത്രക്കാർ പറയുന്നു. ദുരിതത്തിന് ഉടൻ പരിഹാരം ഉണ്ടാകണമെന്നാണ് നാടിന്റെ ആവശ്യം.
