ഡൽഹി: ഇന്ധന വിലവർധനവില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ ഓട്ടോ ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക്. വ്യാഴാഴ്ച മുതല്‍ മൂന്നു ദിവസത്തേക്കാണ് പണിമുടക്ക് നടത്തുക.
ഓട്ടോ ടാക്സി നിരക്ക് വർദ്ധിപ്പിക്കണമെന്ന് ആവശ്യം. അഖിലേന്ത്യാ മോട്ടോർ ട്രാൻസ്പോർട്ട് കോണ്‍ഗ്രസിൻ്റെ നേതൃത്വത്തിലാണ് പണിമുടക്ക് നടക്കുക. മേയ് 21 മുതല്‍ 23 വരെയാണ് പണിമുടക്ക്. ആപ്പ് അധിഷ്ഠിത ക്യാബ് അഗ്രഗേറ്ററുകള് തങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതായും യൂണിയനുകള്‍ ആരോപിച്ചു.
ഇന്ധനവിലയില്‍ വൻ വർധനവുണ്ടായിട്ടും ഡല്‍ഹി-എൻ.സി.ആർ മേഖലയിലെ ടാക്സി നിരക്കുകളില്‍ കഴിഞ്ഞ 15 വർഷമായി മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് യൂണിയൻ ചൂണ്ടിക്കാട്ടി.വാഹനങ്ങളുടെ അറ്റകുറ്റപ്പണി, ഇൻഷുറൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് എന്നിവയ്ക്കുള്ള ചെലവുകളും മറ്റ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും ഡ്രൈവർമാരുടെ വരുമാനത്തെ വീണ്ടും കുറയ്ക്കുന്നു.
വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം ഉണ്ടായിരുന്നിട്ടും ടാക്സി നിരക്കുകള്‍ ഇപ്പോഴും പഴയ നിരക്കിലാണ് ഈടാക്കുന്നത്, ഇത് ഡ്രൈവർമാരുടെ ഉപജീവനമാർഗ്ഗത്തെ സാരമായി ബാധിച്ചു. ഒല, ഊബർ, റാപ്പിഡോ തുടങ്ങിയ ആപ്പ് അധിഷ്ഠിത കമ്പനികള്‍ തന്നിഷ്ടപ്രകാരമാണ് പ്രവർത്തിക്കുന്നത്. ഡല്‍ഹി-എൻ.സി.ആറിലെ ഡ്രൈവർമാർ കടുത്ത സാമ്പത്തിക ചൂഷണത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണെന്ന് യൂണിയന്റെ കത്തില്‍ പറയുന്നു.
സി.എൻ.ജി, പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില നിരന്തരം വർധിക്കുന്നതിനാല്‍ ഇടത്തരം ഡ്രൈവർമാർ തങ്ങളുടെ കുടുംബം പുലർത്താൻ പാടുപെടുകയാണ്. അതിനാല്‍ ഡല്‍ഹിയിലെ മറ്റ് സംഘടനകളുമായി ഏകോപിപ്പിച്ച് ‘ചാലക് ശക്തി യൂണിയൻ’ മെയ് 21, 22, 23 തീയതികളില്‍ വാഹന പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ദിവസങ്ങളില്‍ വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്ന് ഞങ്ങള്‍ അഭ്യർഥിക്കുന്നു’ ചാലക് ശക്തി യൂണിയൻ വൈസ് പ്രസിഡന്റ് അനുജ് കുമാർ റാത്തോഡ് അറിയിച്ചു.
