കറുകച്ചാൽ: ബസ് കാത്തിരിപ്പു കേന്ദ്രം വേണമെന്ന നാട്ടുകാരുടെ നിരന്തര ആവശ്യം അധികൃതർ മുഖവിലയ്ക്കെടുക്കാതായപ്പോൾ ഒരു കൂട്ടം ഓട്ടോ തൊഴിലാളികൾ മുന്നിട്ടിറങ്ങി. ജനങ്ങൾക്കായി ഓട്ടോ തൊഴിലാളികൾ കാത്തിരിപ്പു കേന്ദ്രം നിർമിച്ചു.
കെകെ റോഡിൽ വാഴൂർ, ഇളംപള്ളിക്കവലയിൽ ദേശീയപാതയോരത്ത് ഒരു ബസ് കാത്തിരിപ്പു കേന്ദ്രത്തിനായി നാട്ടുകാർ പലവട്ടം അധികൃതരെ സമീപിച്ചിട്ടും തീരുമാനമായില്ല. ഇതോടെ അഞ്ച് ഓട്ടോറിക്ഷാ തൊഴിലാളികൾ ചേർന്ന് നാട്ടുകാർക്കായി ഒരു താത്കാലിക ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കുകയായിരുന്നു.
മരങ്ങളുടെ ചില്ലകൾക്കിടയിൽ വച്ചുകെട്ടിയ പഴയ ഫ്ളെക്സ് ബോർഡിന് കീഴിലായിരുന്നു ഇക്കാലമത്രയും വിദ്യാർത്ഥികൾ ഉൾപ്പെടെ ബസ് കാത്തുനിന്നിരുന്നത്. പ്രദേശമാകെ കാടും പടർപ്പും നിറഞ്ഞത് കഴിഞ്ഞയാഴ്ച നാട്ടുകാരുടെ സഹായത്തോടെ ഓട്ടോ തൊഴിലാളികൾ വൃത്തിയാക്കിയിരുന്നു.
കാട് വെട്ടിമാറ്റാനും അധികൃതരോട് മുമ്പ് ആവശ്യപ്പെട്ടതാണ്. അതും തിരസ്കരിക്കപ്പെടുകയായിരുന്നുവെന്ന് ഇവർ പറയുന്നു. തങ്ങളുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ നേരിട്ടിറങ്ങിയാലേ സാധ്യമാകൂ എന്ന് തിരിച്ചറിഞ്ഞ് ഇവർ മുളയും അലുമിനിയം ഷീറ്റും ഉപയോഗിച്ച് കാത്തിരിപ്പുകേന്ദ്രം നിർമിക്കുകയായിരുന്നു.
