റോഡില്‍ കയര്‍ കെട്ടി ബൈക്കില്‍ നിന്ന് വീഴ്ത്തി, കോതമംഗലത്ത് സി പി എം ലോക്കല്‍ കമ്മിറ്റി അംഗത്തിന് നേരെ വധശ്രമം, പരാതി

കൊച്ചി: എറണാകുളം കോതമംഗലത്ത് സി പി എം ലോക്കല്‍ കമ്മിറ്റി അംഗത്തിന് നേരെ വധശ്രമം നടന്നതായി പരാതി. നെല്ലിക്കുഴിയില്‍ വെച്ച്‌ റോഡിന് കുറുകെ കയർ കെട്ടി ബൈക്ക് യാത്രക്കാരനായ ടി.എം. അബ്ദുല്‍ അസീസിനെ വീഴ്ത്തി അപായപ്പെടുത്താനാണ് ശ്രമമുണ്ടായത്.

 

ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് മുൻ അംഗം കൂടിയായ അസീസിന് വീഴ്ചയില്‍ പരിക്കേറ്റു. ഇദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഇരുട്ടില്‍ റോഡിന് കുറുകെ വലിച്ചുകെട്ടിയ കയറില്‍ തട്ടി ബൈക്ക് മറിയുകയായിരുന്നു.

 

ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്ന് സി പി എം പ്രാദേശിക നേതൃത്വം ആരോപിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികളെ കണ്ടെത്താനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് പരിശോധിച്ചു വരികയാണ്.