ആത്മഹത്യയുടെ വക്കിൽനിന്ന് മദ്യം ഉപേക്ഷിച്ചു, ചെലവാക്കിയിരുന്ന പണം മാറ്റിവച്ച് വീടൊരുക്കി പുതുപ്പള്ളിയിലെ മദ്യകൂട്ടായ്മ

പുതുപ്പള്ളി: ഒരു കോടിയിൽ പരം കടം, കിടപ്പാടം നഷ്ടപ്പെട്ടു, ഇതെല്ലാം മൂലം ആത്മഹത്യയുടെ വക്കിൽ എത്തിയപ്പോൾ മദ്യം ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഇതോടെ കടം എല്ലാം വീട്ടി. കൂടെ 10 ലക്ഷം രൂപയുടെ വീട് പുതുപ്പള്ളി സ്വദേശിക്ക് സ്വന്തം ചെലവിൽ നിർമ്മിച്ചും നൽകി.

മദ്യവർജന കൂട്ടായ്മയിലെ പുതുപ്പള്ളി സ്വദേശിയായ കുഞ്ഞുമോന്റെ അനുഭവമാണിത്. ഇങ്ങനെ ആയിരത്തിലേറെ കുടുംബങ്ങളാണ് മദ്യത്തിൽ നിന്ന് മുക്തി നേടിയത്. മദ്യത്തിന് ചെലവാക്കിയിരുന്ന പണം മാറ്റിവച്ച് ഇതുവരെ ഏഴോളം വീടുകളും ഈ കൂട്ടായ്മയിലെ അംഗങ്ങൾ നിർമിച്ചുനൽകി.

തിരുവല്ല മാർത്തോമാ കോളേജ് അധ്യാപകനായിരുന്ന പ്രൊഫസർ സി. മാമച്ചന്റെ ഒറ്റയാൾ പോരാട്ടം ആണ് ഈ വലിയ കൂട്ടായ്മ. 2014 ഏപ്രിൽ 20ന് പുതുപ്പള്ളി സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിലാണ് ഈ കൂട്ടായ്മ രൂപംകൊണ്ടത്.

ഓർത്തഡോക്സ് സഭയിലെ മുതിർന്ന വൈദികൻ ഫാദർ എബ്രഹാം വാഴക്കൽ എല്ലാവിധ പിന്തുണയും നൽകി. ജാതിയോ മതമോ പ്രശ്നമല്ല മദ്യം ഉപേക്ഷിക്കാൻ മനസ്സുള്ള ആർക്കും ഈ കൂട്ടായ്മയിൽ അംഗമാകാം.