അമ്പലപ്പുഴ: പാലിയേറ്റിവ് പ്രവർത്തനങ്ങളില്‍ ആശാ പ്രവർത്തകർ മതിയായ രീതിയില്‍ പ്രവർത്തനം നടത്തുന്നില്ലെന്ന് ആക്ഷേപം.
ആരോഗ്യകേന്ദ്രങ്ങളുടെ നിയന്ത്രണത്തില്‍ ഓരോ വാർഡുകള്‍ കേന്ദ്രീകരിച്ചാണ് ആശാപ്രവർത്തകർ സേവനം ചെയ്തുവരുന്നത്. ഒരു വാർഡിലെ ആയിരം പേർക്ക് ഒരു ആശാ വർക്കർ എന്ന തരത്തിലാണ് ഇവരുടെ സേവനം. ഓരോ പ്രദേശങ്ങളിലെയും ആരോഗ്യകേന്ദ്രങ്ങളിലെ നഴ്സുമാരുടെ നിയന്ത്രണത്തിലാണിവർ.
ആഴ്ചയില്‍ ഒരിക്കലെങ്കിലും കിടപ്പ് രോഗികളെ വീടുകളില്‍ സന്ദർശിച്ച് അവർക്ക് വേണ്ട പരിചരണം നല്‍കണമെന്നാണ് ഇവരോട് നിർദേശിച്ചിട്ടുള്ളത്. എന്നാല്‍ കിടപ്പ് രോഗികളായ പലർക്കും ആശാ വർക്കർമാരുടെ സേവനം ലഭിക്കാറില്ല.
വണ്ടാനം കേന്ദ്രമായി പ്രവർത്തിക്കുന്ന ചേതനയുടെയും മറ്റ് പാലിയറ്റിവ് രംഗങ്ങളില്‍ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളുടെയും സേവനമാണ് നാട്ടുകാർ തേടുന്നത്. കിടപ്പ് രോഗികള്‍ക്കായി കോട്ടണ്‍ പഞ്ഞികളും ഡയപ്പറുകളും വിതരണം ചെയ്യാൻ ആരോഗ്യവകുപ്പ് നല്‍കുന്നുണ്ടെങ്കിലും അർഹതപ്പെട്ടവർക്ക് ഇത് ലഭിക്കുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.
കൂടാതെ, ജീവിതശൈലി രോഗികളെ കണ്ടെത്തി അവർക്ക് മതിയായ ബോധവത്കരണം നടത്തണമെന്നുണ്ടെങ്കിലും മിക്ക വാർഡുകളിലും നല്‍കാറില്ല. മിക്ക ആശാ പ്രവർത്തകരും ആരോഗ്യകേന്ദ്രങ്ങളില്‍ എത്തി സാന്നിധ്യം ഉറപ്പ് വരുത്തിയശേഷം തിരികെ മടങ്ങുകയാണ്.
