അമ്മ അഡ്‌ഹോക് കമ്മിറ്റിയില്‍ ആദ്യ രാജി; ആശ അരവിന്ദ് രാജിവെച്ചു

കൊച്ചി : അമ്മ അഡ്‌ഹോക് കമ്മിറ്റിയില്‍ നിന്ന് രാജി വെച്ച് നടി ആശ അരവിന്ദ്. അഡ്‌ഹോക് കമ്മിറ്റിയിലെ ആദ്യ രാജിയാണിത്. കൂട്ടരാജി സമര്‍പ്പിച്ച മുന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് രാജി വെക്കുന്നായി അറിയിച്ച് ആശ സന്ദേശം അയച്ചത്. അമ്മയുടെ സഞ്ജീവനി പദ്ധതിയുടെ ചുമതല ആശയ്ക്ക് ആയിരുന്നു.

ഇന്നലെയാണ് അമ്മ ഭരണസമിതി രാജിവെച്ചത്. ഭരണസമിതിയിലെ 17 പേരും രാജിവെക്കുകയായിരുന്നു. കാലാവധി പൂര്‍ത്തിയാകാന്‍ രണ്ട് വര്‍ഷം ബാക്കി നില്‍ക്കെയാണ് രാജി. ജോയിന്റ് സെക്രട്ടറിയായ അന്‍സിബ ഹസന്‍ നേരത്തെ രാജിവെച്ചിരുന്നു. അവിശ്വാസം നേരിടാതെയാണ് മുഴുവന്‍ അംഗങ്ങളും രാജിവെച്ചത്. ഇതോടെ ഒമ്പതംഗ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. രമേഷ് പിഷാരടിയാണ് കണ്‍വീനര്‍. കെ ബി ഗണേഷ് കുമാര്‍, സുരേഷ് കൃഷ്ണ, സാദിഖ്, ഡോ. റോണി, കൃഷ്ണ പ്രഭ, ആശാ അരവിന്ദ്, ഷാജോണ്‍, ദേവി ചന്ദന എന്നിവരാണ് അഡ്‌ഹോക്ക് കമ്മിറ്റി അംഗങ്ങള്‍.

സംഘടനയില്‍ നിന്ന് രാജിവെക്കുന്നതായി അറിയിച്ച് മല്ലിക സുകുമാരന്‍, ലക്ഷ്മി പ്രിയ തുടങ്ങിയവരും രംഗത്തെത്തിയിരുന്നു. സംഘടനയില്‍ മെമ്പറായി മാത്രം തുടരുമെന്നാണ് ടിനി ടോം അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മല്ലിക തന്റെ രാജി വിവരം അറിയിച്ചത്. സ്‌നേഹപൂര്‍വ്വം പടിയിറങ്ങുന്നുവെന്നും ശ്വേതയ്‌ക്കൊപ്പമാണ് താനെന്നും വ്യക്തമാക്കിയാണ് രാജി.