മൂന്നു വർഷമായി തകർന്ന് കിടക്കുന്ന റോഡിൽ മഴ കൂടി പെയ്തതോടെ യാത്ര കൂടുതൽ ദുരിതമായി; കടുത്തുരുത്തി – അറുനൂറ്റിമംഗലം റോഡ് തകർന്ന് തരിപ്പണമായി; മഴ പെയ്‌തതോടെ റോഡിലെ വലിയ കുഴികളിൽ വെള്ളം കെട്ടി നിന്ന് അപകടങ്ങൾ പതിവ്

കടുത്തുരുത്തി: മൂന്നു വർഷമായി തകർന്നു കിടക്കുന്ന റോഡിൽ മഴ കൂടി പെയ്തതോടെ യാത്ര കൂടുതൽ ദുരിതമായി. കടുത്തുരുത്തി – അറുനൂറ്റിമംഗലം റോഡാണു തകർന്നു തരിപ്പണമായത്. മഴ പെയ്‌തതോടെ റോഡിലെ വലിയ കുഴികളിൽ വെള്ളം കെട്ടി നിന്ന് അപകടങ്ങൾ പതിവായി.

ഒരു കുഴിയിൽ നിന്നും മറ്റൊരു കുഴിയിലേക്ക് എന്ന രീതിയിലാണ് റോഡിലൂടെ വാഹനങ്ങളുടെ യാത്ര. പല സ്ഥലത്തും റോഡില്ല, കുഴികൾ മാത്രമാണുള്ളത്. റോഡിൻ്റെ ടാറിങ്ങിന് നാല് വർഷം മുൻപ് തുക അനുവദിച്ചിരുന്നു. റോഡിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ ജലഅതോറിറ്റിക്ക് കൈമാറിയതോടെയാണ് റോഡിന് കഷ്ടകാലം ആരംഭിച്ചത്.

ഇതിനിടയിൽ റോഡ് പല ഭാഗത്തും കുണ്ടും കുഴിയുമായി മാറി. പൈപ്പിടൽ പൂർത്തിയാക്കിയെങ്കിലും റോഡ് പൂർവ സ്ഥിതിയിലാക്കാൻ ജലഅതോറിറ്റി തയാറായില്ല. റോഡ് പുനരുദ്ധാരണത്തിനു വേണ്ടി ജലഅതോറിറ്റി 2.67 കോടി രൂപ പൊതുമരാമത്ത് വകുപ്പിലേക്ക് കൈമാറിയെങ്കിലും റോഡ് ഏറ്റെടുക്കാൻ പൊതുമരാമത്ത് വകുപ്പു തയാറായില്ല.

പൈപ്പുകൾ സ്ഥാപിച്ചപ്പോൾ റോഡിൻ്റെ രൂപം തന്നെ മാറിയെന്നും കലുങ്കുകൾ പലതും ശോച്യാവസ്‌ഥയിലാണെന്നും അതിനാൽ റോഡ് ഏറ്റെടുക്കില്ല എന്നുമായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ നിലപാട്.