രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; കേരളത്തില്‍ വില്‍പന നിരോധിച്ച 37 കുപ്പി മാഹി മദ്യവുമായി ഒരാൾ പിടിയിൽ; മദ്യം കണ്ടെത്തിയത് ഓട്ടോറിക്ഷയിലെ സ്പീക്കര്‍ കാബിനുള്ളില്‍ ഒളിപ്പിച്ച നിലയിൽ

കോഴിക്കോട്: കേരളത്തില്‍ വില്‍പന നിരോധിച്ചിട്ടുള്ള 37 കുപ്പി മാഹി മദ്യവുമായി പേരാമ്പ്ര പാലേരി സ്വദേശി പിടിയില്‍. വലിയപറമ്പില്‍ മീത്തല്‍ അജു(48)വിനെയാണ് പേരാമ്പ്ര ഡിവൈഎസ്പിയുടെ സ്‌ക്വാഡും എസ്‌ഐ ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്ന് പിടികൂടിയത്.

22 ലിറ്റര്‍ മദ്യം ഓട്ടോറിക്ഷയിലെ സ്പീക്കര്‍ കാബിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ഇയാള്‍ പതിവായി മാഹിയില്‍ നിന്ന് മദ്യം എത്തിച്ച് പാലേരിയിലും പരിസര പ്രദേശങ്ങളിലും വില്‍പന നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.

വ്യാപകമായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഡിവൈ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

പ്രതിയെയും മദ്യം കടത്താനുപയോഗിച്ച ഓട്ടോയും പോലീസ് കസ്റ്റഡിയിലെടുത്തു. അജുവിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.