ബംഗളൂരു: കർണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചു.
ഏറ്റവും കൂടുതല്‍ സാദ്ധ്യത ഉണ്ടായിരുന്ന നാലാമത്തെ സ്‌പോട്ടിലെ തെരച്ചിലിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവിടെ മത്സ്യത്തൊഴിലാളിയായ ഈശ്വർ മല്‍പെ നദിയുടെ ആഴത്തില്‍ മുങ്ങി പരിശോധിച്ചെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ മാദ്ധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ ചെളിയും പാറയും മാത്രമാണ് കണ്ടതെന്നും മറ്റ് സ്‌പോട്ടുകളിലെ പരിശോധന തുടരുമെന്നും ദൗത്യസംഘം അറിയിച്ചു.
അർജുന് വേണ്ടിയുള്ള തെരച്ചിലിന്റെ 12-ാം ദിവസമായ ഇന്ന് ഏറ്റവും നിർണായകവും അപകടകരവുമായ ഘട്ടത്തിലൂടെയാണ് കടന്ന് പോയത്. ഏഴു നോട്ടിന് മുകളിലാണ് ഗംഗാവലിപ്പുഴയിലെ അടിയൊഴുക്ക്. മുങ്ങല്‍ വിദഗ്ദ്ധർക്ക് ഇറങ്ങി പരിശോധന നടത്താൻ കഴിയാത്ത സാഹചര്യമാണ്.
കുന്ദാപുരയില്‍ നിന്നുളള പ്രാദേശിക മത്സ്യത്തൊഴിലാളി സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ഇന്നത്തെ തെരച്ചില്‍.
സംഘത്തിന്റെ തലവൻ ഈശ്വർ മല്‍പെ നദിയില്‍ മുങ്ങിയെങ്കിലും ശക്തമായ അടിയൊഴുക്ക് കാരണം തിരിച്ചുകയറുകയായിരുന്നു.
തെരച്ചിലിനിടെ ഈശ്വർ മല്‍പെ കയർ പൊട്ടി ഒഴുകിപ്പോയെന്ന് കല്ല്യാശേരി എംഎല്‍എ എം വിജിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു . മൂന്ന് തവണയാണ് നാവിക സേന ഈശ്വർ മല്‍പെയെ രക്ഷപ്പെടുത്തിയത്. കൂടുതല്‍ മത്സ്യബന്ധന ബോട്ടുകള്‍ ഷിരൂരില്‍ എത്തിച്ചിട്ടുണ്ട്. ദൗത്യം പൂർത്തിയാകും വരെ ഇവിടെ തുടരാൻ കാർവാർ എംഎല്‍എയോട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശിച്ചിട്ടുണ്ട്.
