മുൻമന്ത്രി ആന്റണി രാജുവിന് ഇന്ന് നിർണായകം; തൊണ്ടിമുതല്‍ കേസിൽ സുപ്രീംകോടതി വിധി പറയും

തിരുവനന്തപുരം: മുൻമന്ത്രിയും എംഎല്‍എയുമായ ആന്റണി രാജു ഉള്‍പ്പെട്ട തൊണ്ടിമുതല്‍ കേസുമായി ബന്ധപ്പെട്ട ഹർജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും.

ജസ്റ്റിസ് സി ടി രവികുമാർ അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറയുന്നത്. കേസില്‍ വാദം കേള്‍ക്കുന്നിതിനിടെ നേരത്തെ കോടതി സത്യം കണ്ടെത്താൻ ഏതറ്റംവരെയും പോകുമെന്ന് വ്യക്തമാക്കിയിരുന്നു.
ആവശ്യമെങ്കില്‍ ഈ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറാനും തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസ് ഗുരുതരം ആണെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ അന്ന് ജൂനിയര്‍ അഭിഭാഷകനായ ആന്‍റണി രാജു കൃത്രിമം നടത്തിയെന്നായിരുന്നു കേസ്.

ഈ കേസില്‍ രണ്ടാം പ്രതിയായ ആന്‍റണി രാജു കുറ്റം ചെയ്തിട്ടുണ്ടെന്നാണ് സർക്കാർ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. കേസില്‍ പുനരന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് ആന്‍റണി രാജു ഹർജി സമർപ്പിച്ചത്.