ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്നതില്‍ സസ്പെൻസ് നാളെ അവസാനിക്കും. മുഖ്യമന്ത്രി ആരെന്ന് കോണ്‍ഗ്രസ് നേതൃത്വം നാളെ പ്രഖ്യാപിക്കും.
എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള നിർണായക കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് നാളെ പ്രഖ്യാപനമെന്ന് അറിയിപ്പ് വന്നത്.
അതിനിടെ കെ സി വേണുഗോപാലിനെ മല്ലികാർജുൻ ഖർഗെ യോഗത്തിലേക്ക് വിളിപ്പിച്ചു. കെസിയെ അനുനയിപ്പിക്കാനുള്ള നീക്കമാണെന്നാണ് സൂചന. കെസി, ആർസി, വിഡി ക്യാമ്പുകള്‍ ഒരുപോലെ പ്രതീക്ഷയിലാണ്.
സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുൻഷി കേരളത്തിലേക്ക് പുറപ്പെട്ടു. വൈകിട്ട് മൂന്നേകാലിനുള്ള വിമാനത്തില്‍ അവർ ഡല്‍ഹിയില്‍നിന്ന് കേരളത്തിലേക്ക് പുറപ്പെട്ടു.
നിലവില്‍ ഡല്‍ഹിയിലുള്ള കെപിസിസിയുടെ മൂന്ന് വർക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പില്‍, എ.പി. അനില്‍കുമാർ, പി.സി. വിഷ്ണുനാഥ് എന്നിവരും ദീപാ ദാസ് മുൻഷിക്കൊപ്പം കേരളത്തിലേക്ക് മടങ്ങും.
ദീപാ ദാസ് മുൻഷിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദവിവരങ്ങള്‍ പുറത്തെത്തിയിട്ടില്ല. എന്നാല്‍ മുസ്ലിം ലീഗുമായി ദീപ ചർച്ച നടത്തിയേക്കുമെന്ന് ചില സൂചനകള്‍ പുറത്തെത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് മൂന്ന് നേതാക്കള്‍ അവകാശം ഉന്നയിച്ച് രംഗത്തെത്തിയതോടെയാണ് മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടു പോകുന്നത്. കെ സി വേണുഗോപാല്‍, വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശം ഉന്നയിച്ചത്.
വിഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെ വീടുകളിലേക്ക് അണികളും നേതാക്കളും എത്തിയിട്ടുണ്ട്. നിയുക്ത എംഎല്‍എമാരുടെയും മുതിർന്ന നേതാക്കളുടെയും ഘടകകക്ഷികളുടെയും അഭിപ്രായം ഹൈക്കമാൻഡ് തേടിയിരുന്നു.
