അഞ്ജലി നായര്‍ക്ക് ആശ്വാസം; പേര് മാറ്റണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി, ശനിയാഴ്ച വരണാധികാരിക്ക് മുന്നില്‍ ഹാജരാകണം

കൊച്ചി: തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥി അഞ്ജലി നായർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി അനുകൂല നിലപാട് സ്വീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച പട്ടികയിലും ഇവിഎമ്മിലും ‘അഞ്ജലി പി.വി’ എന്നതിന് പകരം ‘അഞ്ജലി നായർ’ എന്ന പേര് രേഖപ്പെടുത്തണമെന്നായിരുന്നു ആവശ്യം.

 

ജനങ്ങളോട് പരിചിതമായത് ‘അഞ്ജലി നായർ’ എന്ന പേരിലാണെന്നും, ഇവിഎമ്മിൽ വ്യത്യസ്തമായ പേര് ഉപയോഗിക്കുന്നത് വോട്ടർമാർക്ക് ആശയക്കുഴപ്പമുണ്ടാക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. രേഖകളിലെ പേര് ‘അഞ്ജലി പി.വി’ ആയിരുന്നാലും, മാധ്യമങ്ങളിലും സിനിമയിലും താൻ അറിയപ്പെടുന്നത് ‘അഞ്ജലി നായർ’ എന്ന പേരിലാണെന്നും അവര്‍ വ്യക്തമാക്കി.

 

ഹർജി പരിഗണിച്ച കോടതി, വരണാധികാരി നേരിട്ട് സിറ്റിംഗ് നടത്തി വിഷയത്തിൽ തീരുമാനം എടുക്കണമെന്ന് നിർദ്ദേശിച്ചു. കൂടാതെ, വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്ന അപരന്മാരുടെ സ്ഥാനാർത്ഥിത്വം ജനാധിപത്യത്തെ ബാധിക്കുന്ന പ്രവണതയാണെന്നും ഇത്തരം രീതികൾ തടയേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.